sabha

തിരുവനന്തപുരം: നഗരസഭയുടെ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണമൊരുക്കി മലങ്കര കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മേയർ കെ. ശ്രീകുമാർ എന്നിവർ ചേർന്നാണ് ഭക്ഷണം വിളമ്പിയത്.
ജോൺപോൾ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും ബെഡ്ഷീറ്റും സഭ വിതരണം ചെയ്‌തത്. കൊവിഡ് പ്രതിരോധത്തിനായി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മലങ്കര കത്തോലിക്കാ സഭയോട് മേയർ നന്ദി അറിയിച്ചു. നഗരസഭ നടത്തുന്ന എല്ലാ നന്മകൾക്കും സഭയുടെ പിന്തുണയുണ്ടാകുമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. കൗൺസിലർമാരായ ജോൺസൺ ജോസഫ്, ത്രേസ്യാമ്മ ജോസഫ്, ഫാ. നെൽസൻ വലിയവീട്ടിൽ, തോമസ് കയ്യാലക്കൽ എന്നിവർ പങ്കെടുത്തു.