ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛേത്രി ആതിഥ്യം വഹിക്കുന്ന " ഇലവൻ ഒാൺ ടെൻ " ചാറ്റ് ഷോയിൽ വിശേഷങ്ങൾ പങ്കുവച്ച് ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്ലി
" ഇത് 1990 കളിൽ ഡൽഹിയിൽ വളർന്ന രണ്ട് പേരുടെ സംഭാഷണങ്ങളാണ് " എന്ന മുഖവുരയോടെയാണ് തന്റെ ഇൻസ്റ്റഗ്രാം ചാറ്റ് ഷോയായ " ഇലവൻ ഒാൺ ടെൻ " ന്റെ വിരാട് കൊഹ്ലി എപ്പിസോഡ് സുനിൽ ഛേത്രി പങ്കുവച്ചത്. കൊഹ്ലിയുടെ ബാല്യകാല അനുഭവങ്ങളും പിതാവുമായുള്ള ബന്ധവുമൊക്കെ ചോദിച്ച ഛേത്രി പിന്നീട് വിരാടും ഭാര്യ അനുഷ്കയുമായുള്ള തമാശകളും വിരാടിന്റെ ഉറക്കഭ്രമത്തെക്കുറിച്ചുള്ള കഥകളും പങ്കുവച്ചു. ഒരു മണിക്കൂറോളമാണ് ചാറ്റ് നീണ്ടത്.
അച്ഛന്റെ മരണം
കൊഹ്ലിക്ക് 18 വയസ് മാത്രമുള്ളപ്പോഴാണ് പിതാവ് പ്രേം മരിച്ചത്. പിതാവിന്റെ അകാല മരണം വളരെയധികം വേദനിപ്പിച്ചെങ്കിലും അദ്ദേഹം പകർന്നുതന്ന പ്രചോദനമാണ് ക്രിക്കറ്റിൽ ഉയരങ്ങളിലേക്ക് കുതിക്കാൻ സഹായിച്ചതെന്ന് ഇന്ത്യൻ ക്യാപ്ടൻ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മരണം വളരെ വേഗം ഞാൻ ഉൾക്കൊണ്ടു. അച്ഛന്റെ മരണത്തിനു പിറ്റേന്ന് ഒരു രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചവനാണ് ഞാൻ. ഈ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന് എന്നെ പഠിപ്പിച്ചത് പിതാവിന്റെ മരണമാണ്. അദ്ദേഹം അർഹിച്ചിരുന്ന ആ റിട്ടയർമെന്റ് ജീവിതം നൽകാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അച്ഛനെ ഓർക്കുമ്പോൾ സഹിക്കാനാകാത്ത സങ്കടം വരും’ – കൊഹ്ലി പറഞ്ഞു.
സച്ചിന്റെ ബാറ്റിംഗ്
ഒരിക്കലെങ്കിലും തനിക്ക് അതുപോലെ കളിക്കണമന്ന് തോന്നിയ ഒരു ഇന്നിംഗ്സ് ഏതായിരുന്നു എന്ന ഛേത്രിയുടെ ചോദ്യത്തിന് 1998 ഷാർജ കപ്പിലെ സച്ചിന്റെ "ഡെസർട്ട് സ്ട്രോം " ഇന്നിംഗ്സ് എന്നാണ് കൊഹ്ലി മറുപടി നൽകിയത്. അന്ന് ഇന്ത്യയെ ഫൈനലിലെത്താനും കപ്പടിക്കാനും തുണച്ച സെമിഫൈനലിലെ സച്ചിന്റെ ഇന്നിംഗ്സ് പോലെ രാജ്യത്തിനായി ഒരു ഇന്നിംഗ്സ് കളിക്കണമെന്ന് മനസിൽ കുറിച്ചിരുന്നതായും കൊഹ്ലി പറഞ്ഞു.
ഉറക്ക പ്രേമം
ബോളിവുഡ് താരം അനുഷ്ക ശർമയെ പ്രേമിക്കുന്ന കാലത്ത് കാണാൻ പോയപ്പോൾ, ഷൂട്ടിംഗ് സെറ്റിൽവച്ച് കൊഹ്ലി ഉറങ്ങിപ്പോയ രണ്ട് സംഭവങ്ങൾ ഛേത്രി ഒാർമ്മിപ്പിച്ചു. ടെസ്റ്റ് മത്സരങ്ങൾ പോലും അനുഷ്ക കുത്തിയിരുന്ന് കാണുമ്പോൾ, ഭാര്യയെ കാണാൻ പോയി ഷൂട്ടിംഗ് സെറ്റിൽക്കിടന്ന് ഉറങ്ങുന്നയാളാണ് കൊഹ്ലിയെന്ന് ഛേത്രി കളിയാക്കുകയും ചെയ്തു. ‘ രാത്രി വൈകിയാണ് വിദേശത്തെ ഷൂട്ടിംഗ് സെറ്റിലെത്തിയത്. ദീർഘയാത്ര കഴിഞ്ഞു വരുന്നതുകൊണ്ട് തീർച്ചയായും ക്ഷീണം കാണുമല്ലോ. ഉറങ്ങാനായി ഹോട്ടൽ റൂം ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതുകൊണ്ട് സെറ്റിൽ കിടന്നുറങ്ങി’ – കൊഹ്ലി വിശദീകരിച്ചു. അതേസമയം, കോലിയുടെ വാദം കള്ളമാണെന്ന് അനുഷ്ക ലൈവിനിടെ കമന്റ് ചെയ്യുന്നുണ്ടായിരുന്നു.
ഭൂട്ടാനിലെ സൈക്ളിംഗ്
ഭൂട്ടാനിലേക്ക് ഇരുവരും നടത്തിയ ഒരു ട്രിപ്പിനിടെ സൈക്ലിങ്ങിന് പോയപ്പോൾ അനുഷ്കയെ ‘മറന്നുപോയ’തും ഛേത്രി ഓർമിപ്പിച്ചു. ‘ആരെയും അറിയിക്കാതെയാണ് ഞങ്ങൾ അന്ന് ഭൂട്ടാനിലേക്ക് യാത്രപോയത്. പക്ഷേ, അവിടെ ധാരാളം ഇന്ത്യൻ ടൂറിസ്റ്റുകളുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം ഒരു ഗൈഡുമുണ്ടായിരുന്നു. സൈക്ലിംഗിനിടെ ഞാൻ മുന്നിലും അനുഷ്ക പിന്നിലുമായി പോവുകയാണ്. ആളുകൾ തിരിച്ചറിഞ്ഞോ എന്ന സംശയത്തിൽ ഞാൻ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടി. കുറേദൂരം ചെന്നിട്ട് തിരിഞ്ഞുനോക്കുമ്പോൾ അനുഷ്കയെ കാണാനില്ല. ഞാൻ പോയവഴിക്ക് തിരിച്ചുവന്നു. കുറച്ചുദൂരം വന്നപ്പോൾ സൈക്കിൾ ചവിട്ടി അവൾ വരുന്നതുകണ്ടു. പക്ഷേ, ദേഷ്യം കൊണ്ട് കുറേനേരത്തേക്ക് എന്നെ കണ്ട ഭാവം പോലും കാട്ടിയില്ല’ – കൊഹ്ലി പറഞ്ഞു.
വിരാടിനെ ടീമിലെടുക്കാനും കൈക്കൂലി ചോദിച്ചവർ !
ന്യൂഡൽഹി: കൈക്കൂലിയും ഒത്തുകളിയുമൊന്നും ഇന്ത്യൻ ക്രിക്കറ്റിൽ പുത്തരിയല്ല. എന്നാൽ ഏറ്റവും മികച്ച പ്രതിഭകൾക്കുപോലും ജൂനിയർ തലത്തിലേക്ക് കടന്നുവരാൻ കൈക്കൂലി കൊടുക്കേണ്ടിവരുമെന്ന വെളിപ്പെടുത്തൽ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നടത്തിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനും ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നയാളുമായ വിരാട് കൊഹ്ലിയാണ്. ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടെയാണ് പണ്ട് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി തന്നെ ടീമിലുൾപ്പെടുത്താൻ അച്ഛനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കാര്യം കൊഹ്ലി വെളിപ്പെടുത്തിയത്. അച്ഛന് അത്തരത്തിലുള്ള കുറുക്കു വഴികളെക്കുറിച്ച് ധാരണയില്ലാതിരുന്നതിനാൽ ടീമിലിടം നിഷേധിക്കപ്പെട്ടതിലെ വേദനയും വിരാട് പങ്കുവച്ചു.
‘ അന്ന് ഡൽഹി ക്രിക്കറ്റിൽ അഴിമതി നിറഞ്ഞിരുന്നു. ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു . പക്ഷേ കഷ്ടപ്പെട്ട് ജീവിക്കുന്ന അഭിഭാഷകനായ അച്ഛന് അയാൾ പറഞ്ഞ ‘എക്സ്ട്രാ’ എന്താണെന്നു പോലും മനസിലായില്ല. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ. അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം’ – കൊഹ്ലി ഛേത്രിയോട് പറഞ്ഞു.
അന്ന് തനിക്ക് സെലക്ഷൻ കിട്ടിയില്ലെന്നും താൻ പൊട്ടിക്കരഞ്ഞു പോയെന്നും പറഞ്ഞ കൊഹ്ലി ആ സംഭവം പഠിപ്പിച്ച വലിയ പാഠങ്ങളാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും പറഞ്ഞു. സ്വന്തം അദ്ധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ എന്ന് താൻ മനസിലാക്കി.തന്റെ അച്ഛൻ വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും ശരിയായ വഴി കാണിച്ചുതന്നുവെന്നും കൊഹ്ലി പറഞ്ഞു.