തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാർജ് 8 രൂപയിൽനിന്ന് 12 രൂപയായി ഉയർത്തി. കൊവിഡിന്റെ സാഹചര്യത്തിലുള്ള വർദ്ധനയാണെന്നും പിന്നീട് ഇത് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്തുപൈസയായി കൂട്ടും. യാത്രാഇളവുകൾക്ക് അർഹതയുള്ളവർ പുതിയ നിരക്കിന്റെ പകുതി നല്‍കണം. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാർജ് 15 രൂപയായും, 12 രൂപ 18 രൂപയായും, 13 ൽനിന്ന് 20 രൂപയായും വർദ്ധിക്കും. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വർദ്ധിപ്പിക്കും.
ജില്ലയ്ക്കുള്ളിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോൺ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ല കടന്നുള്ള യാത്രയാകാം. ഇതിന് പാസ് ആവശ്യമില്ല. രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള യാത്രയ്ക്ക് പാസ് വേണം. ഇലക്ട്രീഷ്യന്മാരും ടെക്നീഷ്യന്മാരും ട്രേഡ് ലൈസൻസ് പകർപ്പ് കരുതണം. ലോക്ഡൗണിൽ കുടുങ്ങിയവർക്ക് വീടുകളിലേക്ക് തിരിച്ചുപോകാം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും.