നാഗ്പൂർ: കൊവിഡിന്റെ സാഹചര്യങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാരെ തിരികെ ഉത്തർ പ്രദേശിലെത്തിക്കാൻ 12,000 ബസുകൾ അയക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർ പ്രദേശിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്ന ഇവരുടെ വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ നൽകണമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കുടിയേറ്റക്കാരുടെ യാത്രാവശ്യത്തിനായി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് 200 ബസുകൾ വീതം നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. അങ്ങനെയെങ്കിൽ15,000 ബസുകളാണ് എല്ലാ യു.പിയിലെ 75 ജില്ലകളിലേക്കുമായി വേണ്ടിവരിക. ഇവർ ഉത്തർ പ്രദേശിൽ എത്തിക്കഴിഞ്ഞാലുടനെ അവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്.
കാൽനടയായോ,ടു വീലറുകളോ ത്രീ വീലറുകളോ ഉപയോഗിച്ചോ, ട്രക്കുകൾ വഴിയോ കുടിയേറ്റക്കാർ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ട്രെയിനുകൾ വഴിയോ ബസുകൾ വഴിയോ മാത്രമേ അവർ സഞ്ചരിക്കാൻ പാടുള്ളൂ. ഉത്തർ പ്രദേശ് സർക്കാർ പറയുന്നു. അധികം വൈകാതെ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം
അതിനിടെ, നടന്നും വലഞ്ഞും മടങ്ങുന്ന നിരവധി തൊഴിലാളികളെ സംസ്ഥാനാതിർത്തിയിൽ എത്തിക്കാൻ രാഷ്ട്രീയം നോക്കാതെ ബസും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണം എന്ന പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചിരുന്നു. 1000 ബസുകൾ ഓടിച്ചാണ് യോഗി ആദിത്യനാഥ് ഈ ആവശ്യം നടപ്പാക്കിയത്.