sslc

തിരുവനന്തപുരം: മെയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരീക്ഷകള്‍ ജൂണിലേക്കു മാറ്റിവയ്ക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക്ഡൗണിന്റെ കാലഘട്ടത്തിൽ തുറക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം അവഗണിച്ചാണ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ശനിയാഴ്ച അവധി നല്‍കിയെങ്കിലും പരീക്ഷ നടത്തേണ്ടതിനാല്‍ സ്‌കൂളുകള്‍ക്ക് ഈ ദിവസം അവധി നല്‍കിയിട്ടില്ല. അതേസമയം, എം.ജി സര്‍വകലാശാല 26ന് ആരംഭിക്കാനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.