എം.എസ്. ധോണിയുടെ ക്രിക്കറ്ര് ബ്രേക്കിന് 10 മാസം പ്രായമാകുന്നു. 2019 ജൂലായ് 9ന് ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ ശേഷം ധോണി ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്. കൊവിഡ് ഇല്ലായിരുന്നെങ്കിൽ മാർച്ചിൽ തുടങ്ങേണ്ട ഐ.പി.എല്ലിലൂടെ ധോണിയുടെ തിരിച്ചുവരവ് ഉണ്ടായേനെ. ഐ.പി.എൽ നീട്ടിവച്ചതോടെ ലോക്ക് ഡൗൺ പോലെ ധോണിയുടെ മടങ്ങിവരവും അനിശ്ചിതമായി നീളുകയാണ്. നിലവിൽ നിരവധി റെക്കാഡുകൾ സ്വന്തം പേരിലാക്കിയിരിക്കുന്ന ധോണി മടങ്ങിയെത്തിയാൽ മറികടക്കാനുള്ള മൂന്ന് നാഴികക്കല്ലുകൾ....
റൺവേട്ടയിൽ @ 3
നിലവിൽ ഏകദിനത്തിൽ ഏറ്റവുമധികം റൺസെടുത്ത ഇന്ത്യൻ താരങ്ങളിൽ അഞ്ചാമതാണ് ധോണി. 10,773 റൺസ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഏകദിന ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞാൽ റൺവേട്ടയിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സൗരവ് ഗാംഗുലി (11363), രാഹുൽ ദ്രാവിഡ് (10,889) എന്നിവരെ മറകിടന്ന് മൂന്നാം സ്ഥാനത്ത് ധോണിക്കെത്താം. ദ്രാവിഡിനെ മറികടക്കാൻ 117ഉം ഗാംഗുലിയെ പിന്തള്ളാൻ 591 റൺസുമാണ് ധോണിക്ക് വേണ്ടത്. അതേസമയം 38 കാരനായ ധോണി ഇനി ഏകദിനങ്ങൾ കളിക്കുമോയെന്ന് ഉറപ്പില്ല.
ട്വന്റി-20യിൽ 100 മത്സരം
അന്താരാഷ്ട്ര ട്വന്റി-20യിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കാൻ ധോണിക്ക് ഇനി രണ്ട് കളികൾ കൂടി മതി. 98 ട്വന്റി-20 മത്സരങ്ങൾ ഇതുവരെ ധോണി കളിച്ചുകഴിഞ്ഞു. രോഹിത് ശർമ്മയാണ് (108) ട്വന്റി-20 മത്സരങ്ങളുടെ കാര്യത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം.
200 ഐ.പി.എൽ മത്സരങ്ങൾ
200 മത്സരങ്ങൾ ഐ.പി.എല്ലിൽ പൂർത്തിയാക്കുകയെന്ന റെക്കാഡിന് 10 കളികൾ മാത്രം അകലെയാണ് ധോണിയിപ്പോൾ. 190 മത്സരങ്ങൾ ധോണി നിലവിൽ ഐ.പി.എല്ലിൽ കളിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയുടെ സഹതാരം കൂടിയായ സുരേഷ് റെയ്ന 193 മത്സരങ്ങൾ പൂർത്തിയാക്കി ക്യാപ്‌ടന് മുന്നിലുണ്ട്.