china

ജെനീവ: കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനും, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണം ഫലപ്രദമായോ എന്ന് അന്വേഷിക്കാനായി രൂപീകരിച്ച ലോകരാജ്യങ്ങളുടെ സമിതിക്ക് മുൻപിൽ മുട്ടുമടക്കി ചൈന. ലോകാരോഗ്യ അസംബ്ലിയുമായി ബന്ധപ്പെട്ട ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അന്വേഷണത്തിനുള്ള പിന്തുണയറിയിച്ചത്.

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണം സംബന്ധിച്ചുള്ള അന്വേഷണത്തിന് പിന്തുണ അറിയിച്ച ഷി, പക്ഷെ അന്വേഷണം അനവസരത്തിലല്ലേ എന്ന സംശയവും പ്രകടിപ്പിച്ചു. കൊവിഡ് രോഗം ശമിച്ചതിന് ശേഷം അന്വേഷണം ആരംഭിച്ചാൽ പോരേയെന്നും മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനായാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

കൊവിഡ് രോഗത്തിന്റെ കാര്യത്തിൽ ചൈന സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് ഇടപെടലുകൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയൻ തയാറാക്കിയ പ്രമേയത്തിൽ പിന്തുണ അറിയിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള 120ൽപരം രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

നാളെയാണ് പ്രമേയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതാദ്യമായാണ് രോഗത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്വേഷണത്തിന് ചൈന സമ്മതമറിയിക്കുന്നത്. അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമുയർത്തിയിരുന്നുവെങ്കിലും ചൈന ഇതുവരെ അതിനു വഴങ്ങിയിരുന്നില്ല.