ipl
തിരുവനന്തപുരം: സ്റ്റേഡിയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ആലോചനകൾ ബി.സി.സി.ഐ സജീവമാക്കി.കൊവിഡ് ലോക്ക് ഡൗൺ കാരണം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുന്ന ഐ.പി.എൽ സാദ്ധ്യമായ ഏറ്റവും അടുത്ത സമയത്തുതന്നെ നടത്താനാണ് നീക്കമെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.കാണികളില്ലാതെ മത്സരങ്ങൾ നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ടൂർണമെന്റിന്റെ സംപ്രേഷണാവകാശം നേടിയ സ്റ്റാർ സ്പോർട്സ് ഇൗ നിബന്ധന അനുസരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മിക്ക ഫ്രാഞ്ചൈസികൾക്കും ഇതിനോട് വിയോജിപ്പില്ല. എന്നാൽ വിദേശതാരങ്ങളെ കളിപ്പിക്കുന്നതിലും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം ഒന്നോ രണ്ടോ വേദികളിലായി ഒതുക്കി ടീമുകളുടെ യാത്രകൾ നിയന്ത്രിക്കുന്നതിലും ഫ്രാഞ്ചൈസികളുടെ അഭിപ്രായ സമന്വയം ആവശ്യമാണ്. ഇതിനായുള്ള ചർച്ചകൾ ബി.സി.സി.ഐ ഉടൻ ആരംഭിക്കും.
ആഭ്യന്തര , അന്തർദ്ദേശീയ വിമാനസർവീസുകൾ ഇൗ മാസം 31ന് ശേഷമേ ആരംഭിക്കാൻ സാദ്ധ്യതയുള്ളൂ എന്നതിനാൽ അതിന് ശേഷമേ ഐ.പി.എൽ നടത്താനാകൂ.ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ടീമുകൾക്ക് തങ്ങളുടെ കളിക്കാരെ ഒരുമിച്ചുകൂട്ടുകയും 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം. ജൂലായിൽ ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പര്യടനം നടത്താമെന്ന് സമ്മതിച്ചിരിക്കുന്നതിനാൽ ജൂണിൽ ഇതെല്ലാം കഴിഞ്ഞ് ഐ.പി.എൽ നടത്താൻ സമയം കിട്ടണമെന്നില്ല. അല്ലെങ്കിൽ ശ്രീലങ്കൻ പര്യടനം മാറ്റേണ്ടിവരും. ശ്രീലങ്കൻ പര്യടനവും കഴിഞ്ഞ് ആഗസ്റ്റിൽ ഐ.പി.എൽ നടന്നേക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഒക്ടോബർ - നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി -20 ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കിൽ ആ സമയത്ത് ഐ.പി.എൽ നടത്താൻ നേരത്തേ ചർച്ചകൾ നടന്നിരുന്നു.രണ്ട് വർഷത്തേക്ക് ലോകകപ്പ് മാറ്റിവയ്ക്കാൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം ഇൗ മാസം 28ന് നടക്കുന്ന ഐ.സി.സി യോഗം ചർച്ചചെയ്യുമെന്നാണ് അറിയുന്നത്. എന്നാൽ ലോകകപ്പ് മാറ്റിവയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ ലോകകപ്പ് മാറ്റാനിടയില്ലെന്നും ജർമ്മനിയിൽ ഫുട്ബാൾ ഉൾപ്പടെ തുടങ്ങിയതിനാൽ ലോകകപ്പ് നിശ്ചിത സമയത്തുതന്നെ നടത്താനാകുമെന്നും ബി.സി.സി.ഐ കരുതുന്നു.അതിനാൽത്തന്നെ ലോകകപ്പ് മാറ്റിയ്ക്കുന്നത് പ്രതീക്ഷിക്കാതെ ഐ.പി.എല്ലിന് സമയം കണ്ടെത്തുക എന്നതാവും അഭികാമ്യമെന്ന് ബി.സി.സി.ഐയിലെ ഉന്നതർ കരുതുന്നു.
ഐ.പി.എല്ലിനു മുന്നിലെ വെല്ലുവിളികൾ
1. സ്റ്റേഡിയങ്ങൾ തുറക്കാനും പരിശീലനം നടത്താനും മാത്രമാണ് അനുമതി. ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ തുടങ്ങിയിട്ടില്ല. ഇതോടെ ഫ്രാഞ്ചൈസികൾക്ക് എല്ലാ താരങ്ങളെയും ഒരുമിപ്പിക്കുക എളുപ്പമല്ല
2. വിദേശ താരങ്ങളെ പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. വിദേശതാരങ്ങളില്ലാതെ ടൂർണമെന്റ് നടത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ഫ്രാഞ്ചൈസികൾ തയ്യാറാകണമെന്നില്ല.
3. പഴയ ഫോർമാറ്റിൽ മത്സരങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസത്തോളം വേണ്ടിവരും. ഇക്കാലയളവിൽ ടീമുകളെ പുറം ലോകവുമായി ഇടപഴകാതെ നോക്കേണ്ടിവരും.
4.ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുകയാണെങ്കിൽ ടകമുകൾ നിരന്തരം യാത്രകൾ വേണ്ടിവരും. അടുത്തകാലത്തൊന്നും പഴയ രീതിയിൽ യാത്രകൾ നടത്താനാകുമെന്ന് കരുതുന്നില്ല.
5. അടുത്തടുത്ത നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടത്തേണ്ടിവരും. ബി.സി.സി.ഐ ആസ്ഥാനമായ മുംബയ് ഹോട്ട്സ്പോട്ടായി തുടരുന്നതിനാൽ രോഗബാധ നിയന്ത്രണ വിധേയമായ നഗരങ്ങൾ തിരഞ്ഞെടുക്കേണ്ടിവരും.
6.ടൂർണമെന്റിന്റെ ദൈർഘ്യം കുറയ്ക്കാൻ ദിവസം രണ്ടോ അതിലേറെയോ മത്സരങ്ങൾ നടത്തേണ്ടിവരും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ഫോർമാറ്റ് സ്വീകരിക്കേണ്ടിവന്നാൽ ഫ്രാഞ്ചൈസികളിൽ സമന്വയം ഉണ്ടാകേണ്ടതുമുണ്ട്.
4000 കോടി
ഇൗ സീസൺ ഐ.പി.എൽ ഉപേക്ഷിക്കേണ്ടിവന്നാൽ
4000 കോടി രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഉണ്ടാവുക.