wed

കാസർകോട് : വിവാഹ മുഹൂർത്തമായി. പക്ഷേ വധുവും വരനും അതിർത്തിയിൽ പെട്ടുപോയി. വധു തലപ്പാടി അതിർത്തിയിലെ കർണാടകയിലും വരൻ കേരളത്തിലുമാണ് കുടുങ്ങിപ്പോയത്. സാങ്കേതിക കാരണം പറഞ്ഞ് വധുവിനും ബന്ധുക്കൾക്കും കേരളത്തിലേക്കുള്ള യാത്രാനുമതി തലപ്പാടി ചെക്ക് പോസ്റ്റിൽ നിഷേധിച്ചതോടെയാണ് വിവാഹസ്വപ്നങ്ങൾക്ക് 'ചെക്ക് ' വീണത്. ഒടുവിൽ പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി ആറു മണിക്കൂറിന് ശേഷം താലിചാർത്തിയപ്പോൾ മുഹൂർത്തവും കഴിഞ്ഞു, വധു ക്വാറന്റൈനിലുമായി.

വധു മംഗളൂരു കങ്കനാടി സ്വദേശിയായ വിമല കേരളത്തിലേക്ക് കടക്കാൻ ഇന്നലെ രാവിലെ ഏഴ്‌ മണിക്കാണ് തലപ്പാടി അതിർത്തിയിൽ എത്തിയത്. വിമലയെ വിവാഹ പന്തലിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വരൻ കാസർകോട് മുള്ളേരിയയിലെ പുഷ്പരാജ് അതിർത്തിയിൽ കാത്തുനിൽക്കുകയായിരുന്നു.

വിവാഹദിനത്തിൽ വിമലയെ എത്തിക്കാൻ പുഷ്പരാജിന്റെ സഹോദരൻ ഒരാഴ്ച മുമ്പ് പഞ്ചായത്ത്‌ അംഗം മുഖേന പാസിന് അപേക്ഷിക്കുകയും കർണാടക സർക്കാർ യാത്രാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ മതിയായ രേഖകളില്ലെന്ന കാരണത്താൽ കേരളം അപേക്ഷ നിരസിക്കുകയായിരുന്നു. ഇതറിയാതെ തലപ്പാടിയിലെത്തിയ വിമലയെ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ പാസിനായി വീണ്ടും ശ്രമം തുടർന്നു. ഇതിനിടയിൽ നിശ്ചയിച്ച മുഹൂർത്തമായി. ഇതോടെ അതിർത്തിയിൽ വച്ച് കല്യാണം നടത്താൻ ആലോചിച്ചെങ്കിലും സ്ഥലത്ത് മാതാപിതാക്കളില്ലാത്തതിനാൽ അത്‌ ഉപേക്ഷിച്ചു. തുടർന്ന് ജില്ലാ കളക്ടർ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.ഡി.എം ദേവീദാസ് തുടങ്ങിയവർ ഇടപെട്ട് പാസ് കിട്ടിയപ്പോൾ മണി നാലരയായി.

ഒടുവിൽ പാസുമായി അതിർത്തി കടന്ന് വിമലയുമായി വൈകിട്ട് ആറു മണിയോടെ വീട്ടിലെത്തിയ പുഷ്പരാജ് അമ്മയുടെ സാന്നിദ്ധ്യത്തിൽ മിന്നുകെട്ടി. അതിർത്തി കടന്നുവന്നതിനാൽ നവവധു ക്വാറന്റൈനിലുമായി. വിവാഹക്കാര്യം പറയാതെ മെഡിക്കൽ എമർജൻസി പാസിന് അപേക്ഷിച്ചതാണ് വധുവിന് പുലിവാലായത്.

...................................................................................

മെഡിക്കൽ എമർജൻസി പാസിന് അപേക്ഷിക്കുമ്പോൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ അപേക്ഷ നിരസിച്ചു. നിശ്ചിത പാസില്ലാത്തതിനാൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇന്നലെ രാവിലെ 11 ന് ശേഷം ചെക്ക്‌പോസ്റ്റിലെ ഹെൽപ് ഡെസ്‌കിൽ പാസിന് വീണ്ടും അപേക്ഷിക്കുകയും വൈകിട്ട് നാലരയോടെ പാസ് അനുവദിക്കുകയും ചെയ്തു.

- ഡോ. ഡി. സജിത് ബാബു, ജില്ലാ കളക്ടർ