raina

ന്യൂഡൽഹി : കാശ്മീരിന്റെ പേരിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച മുൻ പാകിസ്ഥാൻ ക്യാപ്ടൻ ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്നയും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ,ഹർഭജൻ സിംഗ്, യുവ‌്‌രാജ് സിംഗ് തുടങ്ങിയവർ അഫ്രീദിയെ നിശിതമായി വിമർശിച്ചിരുന്നു.

അടുത്തിടെ പാക്ക് അധീന കാശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത് . മുഖ്യധാരയിൽ സജീവമായി നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഫ്രീദിയുടെ അനാവശ്യ പ്രസ്താവനകളെന്ന് റെയ്ന പരിഹസിച്ചു. താനും ഒരു കശ്മീരിയാണെന്ന് വ്യക്തമാക്കിയ റെയ്ന, കശ്മീരിനെത്തൊട്ട് കളിക്കേണ്ടെന്നും അഫ്രീദിക്ക് മുന്നറിയിപ്പ് നൽകി. ഇപ്പോൾ ഉത്തർപ്രദേശിലാണ് താമസമെങ്കിലും കശ്മീരുകാരാണ് റെയ്നയും കുടുംബവും. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ത്രിലോക് ചന്ദ് കശ്മീരി പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ്.