china
CHINA

ബീജിംഗ്: കൊവിഡിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിനും വൈറസിനെ നേരിടാൻ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശകലനത്തിനും ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന പിന്തുണ പ്രകടിപ്പിച്ചു. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടപ്പോൾ സുതാര്യതയോടെയും വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് ചൈന പ്രതികരിച്ചതെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്നലെ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ പറഞ്ഞു. കൊവിഡിനോടുള്ള ആഗോളതലത്തിലെ പ്രതികരണങ്ങളെ കുറിച്ച് സമഗ്രമായ വിശകലനം വേണമെന്ന ആവശ്യങ്ങളെ ചൈന പിന്തുണയ്ക്കുന്നു. എന്നാൽ ഇത് ലോകം കൊവിഡിന്റെ പിടിയിൽ നിന്ന് മോചനം നേടിയതിന് ശേഷമാകുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ചൈനയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ അടിയന്തരശ്രദ്ധ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം മൂന്നുലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായ കൊവിഡിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ ലോകാരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ കരട് പ്രമേയം കൊണ്ടുവന്നിരുന്നു. ഇന്ത്യ ഉൾപ്പെടെ 120 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. നേരത്തെ, കൊവിഡിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന യു.എസിന്റെയും ആസ്‌ട്രേലിയയുടെയും ആവശ്യം ചൈന നിരാകരിച്ചിരുന്നു.