മലപ്പുറം: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തയാറാക്കി സ്ത്രീകളെ ഫ്രണ്ട് ലിസ്റ്റിലാക്കിയ ശേഷം അവർക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക വടക്കീൽമാട് പുറായിൽ ആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ സ്ത്രീകളുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ തയ്യാറാക്കുന്നത്. ശേഷം പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇയാൾ ഫ്രണ്ട്ഷിപ്പ് അഭ്യർത്ഥന അയക്കും. തുടർന്ന് അവരെ സൗഹൃദ പട്ടികയിലാക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാൾ ചെയ്തുവന്നിരുന്നത്.
25 വയസുകാരനായ ആഷിഫിനെതിരെ കാലിക്കറ്റ് സർവകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാർഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതി നിലവിൽ ജാമ്യത്തിലാണ്.