തൃശൂർ: പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ ഏതാനും ഷട്ടറുകളാണ് ഇപ്പോൾ നേരിയ തോതിൽ ഉയർത്തിയിരിക്കുന്നത്. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാൻ വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്.
പെരിയാർവാലി കനാലുകളിൽ വെള്ളം കുറച്ചിട്ടുണ്ട്. മറ്റ് പുഴകളിലെ ചെക്ക് ഡാമുകൾ തുറക്കാനും സർക്കാർ നിർദേശമുണ്ട്. കോതമംഗലം കുരൂർതോട്ടിലുൾപ്പെടെ വിവിധ ചെക്ക്ഡാമുകൾ ഇപ്പോൾ തുറന്നു കഴിഞ്ഞു. മഴ ഇടയ്ക്കിടയായി പെയ്യുന്നുണ്ടെങ്കിലും പുഴകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
കാലവർഷം തുടങ്ങുന്നതിന് മുന്പുതന്നെ ഭൂതത്താൻകെട്ട് ഡാം പൂർണമായി തുറക്കാൻ പെരിയാർവാലിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. വരുന്ന ഇരുപത്തിയഞ്ചാം തീയതിയാണ് ഡാം പൂർണമായും തുറക്കുക. എന്നാൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായാൽ 25ന് മുൻപേ തന്നെ ഡാം തുറക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.