മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം കാണാത്തവരായി അധികമാരും ഉണ്ടാകാൻ ഇടയില്ല. സംസ്ഥാനത്തെ കൊവിഡ് രോഗബാധയുടെ സ്ഥിതിയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ വൈകിട്ടുള്ള വാർത്താ സമ്മേളനത്തിലൂടെ ജനങ്ങൾക്ക് ലഭ്യമാകും എന്നത് തന്നെ കാരണം. ഇക്കാര്യത്തിൽ നടനും മുൻ എം.പിയുമായ ഇന്നസെന്റും അദ്ദേഹത്തിന്റെ പേരക്കുട്ടികളും ഒട്ടും വ്യത്യസ്തരല്ല.
മിക്കവാറും സമയങ്ങളിൽ മകൻ സോണറ്റിന്റെ മക്കളോടൊപ്പം ഇരുന്നാണ് ഇന്നസെന്റും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുള്ളത്. തന്റെ പേരമക്കളും ഇരട്ടകുട്ടികളുമായ ഇന്നസെന്റിന്റെയും അന്നയുടെയും സാമൂഹിക ബോധത്തിലും ഇന്നസെന്റ് കണക്കറ്റ് അഭിമാനിച്ചിരുന്നു.
എന്ന് മാത്രമല്ല സന്തോഷം മൂലം, പേരമക്കളുടെ ഈ ശീലത്തെ കുറിച്ച് ഇന്നസെന്റ് ഏതാനും പേരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് തന്റെ പേരക്കുട്ടികളുടെ 'സാമൂഹിക ബോധ'ത്തിന് പിന്നിൽ ഒളിഞ്ഞിരുന്ന ആ സത്യം മുൻ എം.പി മനസിലാക്കിയത്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടുള്ള താത്പര്യം കാരണമല്ല, 'സ്‌കൂളെങ്ങാനും തുറക്കുമോ' എന്നറിയുന്നതിനായാണ് 'കുട്ടി' ഇന്നസെന്റും അന്നയും വാർത്താസമ്മേളനത്തിനായി കാത്തിരിക്കുന്നതെന്ന് ഇന്നസെന്റ് ഞെട്ടലോടെ മനസിലാക്കി.
അതോടെ കുട്ടികൾ അപ്പാപ്പന് ചേർന്ന പേരക്കുട്ടികൾ തന്നെയെന്ന് തനിക്ക് ബോദ്ധ്യമായി എന്നാണ് ഇന്നസെന്റ് പറയുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ എം.പി രസകരമായ ഇക്കാര്യം പങ്കുവച്ചത്.