ll

മൊബൈൽ ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽപെടുന്ന പെൺകുട്ടികളെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹൻ. പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾപോലും കഴുകൻ കാലുകലിൽ കോർക്കപ്പെടാൻ കാരണം മൊബൈൽ ഫോണുകളുടെ മോശമായ ഉപയോഗമാണ്. പെൺകുട്ടികൾക്ക് മൊബൈല്‍ ഫോൺ വാങ്ങി നൽകി ചതിക്കുഴിയില്‍ വീഴ്ത്തുന്നവരുമുണ്ട്. മാതാപിതാക്കൾക്ക് പോലും ഇത്തരം ബന്ധങ്ങൾഅത്ര എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കില്ല. ഇതിനെ കുറിച്ച് കല മോഹൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്.

കലമോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓർക്കുക ആയിരുന്നു... വിധി ഒന്ന് പ്രതികൂലം ആയിരുന്നേൽ , പത്രത്തിൽ നിറഞ്ഞു നിന്നേനെ ഞാനും..ആ സ്കൂളിലെ ടീച്ചറും... അന്ന് മീഡിയ ഇത്ര സജീവം അല്ല എന്നത് ഒരു ഭാഗ്യം..!

'' എന്റെ മോളെ നോക്കണേ ടീച്ചറുമാരെ ..എന്ന് എപ്പോൾ കണ്ടാലും ദയനീയമായി അപേക്ഷിക്കുന്ന ഒരു ഉമ്മ..കൈകൂപ്പുന്നത് കാണുമ്പോൾ നെഞ്ച് കലങ്ങും..

എന്നും ഇങ്ങനെ പറയണോ..? ഞങ്ങൾ നോക്കിക്കോളും..'' വാപ്പ ഇട്ടേച്ചു പോയതാ...ഇവളുടെ കീഴെ മൂന്നെണ്ണം ഉണ്ട്...ഇവൾക്ക് പഠിക്കാൻ കഴിവുണ്ടെന്ന് എല്ലാരും പറയുന്നു..'' സത്യം..! സാമാന്യ ബുദ്ധിയ്ക്കു അപ്പുറം ആണ് അവളുടെ ബുദ്ധി..അതിസുന്ദരിയും..

അങ്ങനെ ഞങ്ങളുടെ കണ്ണിലുണ്ണി ആയി അവൾ മാറി.. കൗൺസിലർമാരുടെ അടുത്ത് കുട്ടികൾക്ക് പൊതുവെ സ്നേഹം കൂടും. ഫിസിക്സ് ഉം കണക്കും പഠിപ്പിക്കുന്നില്ല.. ചെയ്യുന്ന തെറ്റുകൾ കുസൃതി ഗണത്തിൽ പെടുത്താമെങ്കിൽ കുട്ടികൾക്ക് വേണ്ടി വാദിക്കാൻ ഞാനുണ്ട്...

ദിവസേനെ കൃത്യമായി മൂന്ന് മണിക്ക് മൂത്രപ്പുരയിൽ നീങ്ങുന്ന ആ പെൺകുട്ടിയെ സംശയിക്കാതിരിക്കാൻ ക്ലാസ് ടീച്ചറിനും എനിക്കും ആയില്ല.. അവളുടെ കയ്യിൽ ഒളിച്ചിരിക്കുന്ന മൊബൈൽ , അതിനുള്ളിലെ കെണി, ആ ഉമ്മയുടെ ദയനീയ മുഖം..

ആ ഫോൺ ഇങ്ങു തന്നേക്കു മോളെ..'' നിമിഷങ്ങോളം ബാത്‌റൂമിൽ ചിലവിട്ട ശേഷം ഇറങ്ങിയ അവൾ ഞങ്ങളെ കണ്ടു പതറി.. പക്ഷെ നിഷ്കളങ്കമായി ഞങ്ങളെ എതിർക്കാനേ അവൾക്കു പറ്റുന്നുള്ളു.. അവൾ പോലുമറിയാതെ അവളുടെ ശരീര ഭാഷ മാറി മാറി വന്നു. ഞങ്ങളെ നോക്കുമ്പോൾ പക ..വാശി.. തൊട്ടു മുൻപ് വരെ കാണാത്ത മുഖം.!

ഇനിയൊന്നും ചെയ്യാനില്ല.. കുട്ടിയേയും കൂട്ടി ഞങ്ങൾ ആ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ എത്തി,.

എന്റെ മോളെ നോക്കണേ , ഇവളുടെ കണ്ണ് തെളിഞ്ഞിട്ടു വേണം എനിക്ക് സമാധാനിക്കാൻ എന്ന് എന്ത് കൊണ്ട് ആ ഉമ്മ പറയുന്നു എന്ന് അവിടെ ചെന്നപ്പോൾ പൂർണ്ണമായും ഞങ്ങൾക്ക് മനസ്സിലായി..

കാര്യം ഞങ്ങൾ അവതരിപ്പിച്ചു.. ആര് കൊടുക്കാന് ടീച്ചറെ മൊബൈൽ ഒക്കെ..? ഉമ്മ ഭയത്തോടെ ചോദിച്ചു..

ഒരു പെൺകുട്ടിക്ക് പത്ത് മൊബൈൽ വീതം കണക്കിന് പുറത്ത് ആളുകൾ നിൽക്കുന്നുണ്ട്..ഉമ്മാ..! അതാണ് ലോകം.. ദാർഷ്ട്യത്തോടെ , അവൾ നിഷേധിച്ചു കൊണ്ടേ ഇരിക്കുക ആണ്..

കല , ഞാൻ എടുത്ത് തരാം..'' വല്ല പ്രശ്നവും ഉണ്ടേൽ എന്റെ കൂടെ നിന്നോണം..''

മാതാപിതാക്കളെ, ചില കഴിഞ്ഞ കാല കഥകളുടെ അനുഭവത്തിൽ അത്ര വിശ്വസിക്കാനും വയ്യ.

ഈ ഉമ്മയെ ആ ഗണത്തിൽ പെടുത്തേണ്ട ...എങ്കിലും..

എന്ത് വേണേലും ചെയ്തോ ടീച്ചർ മാരെ..! ഉമ്മ അനുവാദം തന്നു.. വീണ്ടും വീണ്ടും ടീച്ചർ ചോദിച്ചു.. ഭീഷണി , യാചന ..ഒക്കെ ഇടകലർത്തി.. എന്നെ കൊണ്ട് ആകും വിധം ഞാനും അഭ്യർത്ഥിക്കുക ആണ്..

പെട്ടന്ന് ടീച്ചർ ന്റെ കൈ ഉയർന്നു താഴ്ന്നു.. മുഖം പൊത്തി അവൾ താഴേക്ക് പോകും മുൻപ് ചുരിദാറിനുള്ളിൽ നിന്നും മൊബൈൽ ടീച്ചർ എടുത്തു.. ബാക്കി അടി , ഇടി ഒക്കെ അവളുടെ ഉമ്മ കൊടുത്തു..

കാമുകൻ ചില്ലറക്കാരൻ അല്ല.. സ്ഥലത്തെ പ്രധാന ഗുണ്ട.. അടുത്ത കാലത്തു വീട്ടുകാര് എങ്ങനെയോ വിദേശത്തേക്ക് കയറ്റി അയച്ചു..അന്യമതം..! ഏത് നാട്ടിൽ പോയാലും രക്ഷപെടാൻ പറ്റില്ല..അവനെന്നു നാട്ടുകാരും വീട്ടുകാരും പറയുന്ന സ്വഭാവ ഗുണം.. എന്തായാലും , ആ കുട്ടി പത്താം ക്ലാസ്സിൽ ഉമ്മയെ വേദനിപ്പിക്കാതെ മാർക്ക് വാങ്ങി.. അവരുടെ മനസ്സിന്റെ പുണ്യം..!

എന്റെ മോളെ ഒന്ന് ഉച്ചയ്ക്ക് വിടാൻ പറ്റുമോ..അവളുടെ മാമന് ഒരു ആക്സിഡന്റ് ആയി '' പ്രീത ടീച്ചർ ന്റെ ഫോണിൽ ഒരു കോൾ.. ശെരി എന്ന് പറഞ്ഞെങ്കിലും , എന്തോ എവിടെയോ ഒരു കരട്.. നിഷ്കളങ്കത കൂട്ടി കുഴച്ചു നിൽക്കുക ആണ് ഈ കുട്ടിയും ..

കലാ എനിക്കെന്തോ ഒരു സംശയം..'' പ്രീത പറഞ്ഞത് കേട്ട് ബാഗും ആയിട്ട് വീട്ടിൽ പോകാൻ ഇറങ്ങിയ കുട്ടിയെ വിളിച്ചു കാര്യങ്ങൾ തിരക്കി.. എനിക്കൊന്നും തോന്നുന്നില്ല.. പാവം കുട്ടിയെടാ..! കൗൺസിലർ ആയ ഞാൻ സ്വഭാവ സർട്ടിഫിക്കറ്റ് കൊടുത്തു. പ്രീത ടീച്ചർ നു പക്ഷെ , വിശ്വാസം ഇല്ല.. ഒന്നൂടി അവളെ വിളിച്ചു ചോദ്യം ചെയ്തു.. ആ മുഖം വിയർക്കുന്നത് അപ്പോൾ ഞാനും കണ്ടു..

എന്റെ ടീച്ചറെ എന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു സംസാരിക്കുന്ന ആ ഓമനത്തം ഒരു കള്ളത്തരമായി അപ്പൊ എനിക്കും തോന്നി. അവൾ തന്നെ, അടി വസ്ത്രത്തിൽ നിന്നും ഒളിച്ചു വെച്ച മൊബൈൽ എടുത്തു തന്നു.. ഒരു നമ്പർ അല്ലായിരുന്നു.. അപ്പൂപ്പനും കൊച്ചച്ഛനും അച്ഛനും ഉള്ള വീട്ടിൽ രാത്രി വരുന്ന മൂന്നു കാമുകൻ മാരുണ്ടായിരുന്നു അവൾക്ക്..! ആ ഒളിപ്പിച്ച ഫോണിൽ നിന്നാണ് അവൾ സ്വന്തം '''അമ്മയായി''' വിളിച്ചത്..

തട്ടമിട്ടാൽ പിന്നെ അന്യസമുദായം ഹറാം എന്ന് ആരേലും വിടുവാ പറഞ്ഞാൽ , ഈ നാട്ടിലെ മുസ്ലിം സമുദായം അത്തരക്കാരല്ല.. എന്ന് പറയുന്ന ഒരു കൂട്ടരുണ്ടായിരുന്നു ആ സ്കൂളിന്റെ പരിസരത്ത്..

അവരായിരുന്നു ഞങ്ങൾ അദ്ധ്യാപകരുടെ ശക്തി.. മക്കയിൽ പോകാതെ തന്നെ പുണ്യം നേടിയവർ ! നേരിനും നെറിവിനും വേണ്ടി ഏത് അറ്റം വരെയും കൂടെ നിൽക്കും.. ഇനി, ആരേലും ഒന്ന് മതവും പൊക്കി ചൊറിയാൻ വന്നാലോ.. അടിച്ചമർത്തും അവനെ..! നമ്മുടെ കുട്ടികളുടെ ഭാവി ഈ ടീച്ചർ മാരുടെ കയ്യിലാ.. നിങ്ങള് തല്ലു കൊടുത്തോ..എന്നും പറഞ്ഞു സ്വന്തം മക്കളെ നേർ വഴി കാണിക്കാൻ ചൂരൽ കൊണ്ട് വന്നു ഏൽപ്പിച്ച മാതാപിതാക്കൾ.. അവരിൽ ഭൂരിപക്ഷവും തട്ടമിട്ടവരാണ്.. ആ തട്ടത്തിന് അകത്ത് നിന്നും ഞങ്ങൾ മൊബൈൽ ന്റെ അഴിച്ചു ഭാഗങ്ങൾ ആക്കിയ തുണ്ടുകൾ എടുക്കണമെങ്കിൽ. തട്ടം വലിച്ച് ഊരിയെ പറ്റൂ..! പെണ്മക്കളുടെ ഭാവി , അവരുടെ ചാരിത്ര്യവും അവർ ഒളിച്ചു വെച്ചിരിക്കുന്ന ഈ മൊബൈൽ ഫോണിൽ നശിക്കാൻ ഇട ഉണ്ടെന്നു ബോധമുള്ള മാതാപിതാക്കൾ.. തട്ടം വലിച്ചെറിഞ്ഞു മൊബൈൽ കണ്ടെടുത്ത ഞങ്ങൾ അദ്ധ്യാപകരെ കണ്ണീരോടെ വണങ്ങിയതേ ഉള്ളു.. ആശുപത്രിയിൽ ചാവാൻ കിടക്കുന്ന ഒരുത്തന് രക്തം കൊടുക്കുമ്പോൾ.. ഏത് മതത്തിന്റെ എന്ന് ചോദിക്കില്ലല്ലോ.. അതേ അവസ്ഥ.. നിയമങ്ങൾ പാലിക്കപ്പെടണം.. കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കണം..എന്താണ് പാലിക്കപ്പെടേണ്ടത് എന്ന്..!

കാലം മാറി.. ഇന്ന്പരീക്ഷ ഡ്യൂട്ടി എടുക്കാൻ പോലും ഭയമാണ്.. കോപ്പി അടിച്ചവനെ കണ്ടു പിടിച്ചില്ല എങ്കിൽ കുറ്റം..! തെറ്റ് പിടിച്ചാലോ .. കുട്ടി പോയി എന്തേലും അതിക്രമം കാണിച്ചാൽ പിന്നെ അധ്യാപകന്റെ ഔദ്യോഗിക ജാതകം അങ്ങ് കത്തിച്ച് കളഞ്ഞാൽ മതി..

തുണ്ടു വെയ്ക്കുന്ന ഇടം അറിയാം.. അടിവസ്ത്രം എന്തിനാണ് എന്ന് കൃത്യമായി പരീക്ഷ സമയത്തതാണ് പല കുട്ടികളും മനസ്സിലാക്കുന്നത്,!!!!! പക്ഷെ , അനങ്ങില്ല..അദ്ധ്യാപകർ.. വയ്യ..! ജീവിതം നശിപ്പിക്കാൻ..!

അധ്യാപകരുടെയും കുട്ടികളുടെയും ഇടയ്ക്ക് ആണ് ഞങ്ങളുടെ, കൗൺസിലർമാരുടെ റോൾ.. കര്ട്ടന് പിന്നിലെ ചിലത് കാണുന്നവർ... അത് കൊണ്ട് കുറിച്ചെന്നു മാത്രം....