ന്യൂയോർക്ക്: ലോകത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 48.90 ലക്ഷം പിന്നിട്ടു.മരണസംഖ്യ മൂന്ന് ലക്ഷത്തി ഇരുപതിനായിരം കടന്നു. 19 ലക്ഷത്തോളം പേർ രോഗമുക്തരായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. പതിനഞ്ച് ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്.
അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 91981 ആയി ഉയർന്നു. അയിരത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ദിനംപ്രതി രോഗികളുടെ കുതിച്ചുയരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ളത് റഷ്യയാണ്. 2.90 ലക്ഷം രോഗികളാണ് രാജ്യത്തുള്ളത്.
ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെമാത്രം എഴുനൂറിലധികം പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14000ത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ രോഗികളുടെ എണ്ണം 2.78 ലക്ഷമായി. 27,709 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.യു.കെയിൽ 2.46 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 34,796പേരാണ് മരിച്ചത്. ഇന്നലെ മാത്രം 160 പേർ മരിച്ചു.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മരണസംഖ്യ മൂവായിരം കടന്നു. പതിനായിരത്തിലധികം പേർക്കാണ് ഡൽഹിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 29 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.