തിരുവനന്തപുരം: ഉംപുൺ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ ,എറണാകുളം ജില്ലകളിൽ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. കൊല്ലം പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
55 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാനാണ് സാദ്ധ്യത. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാദ്ധ്യത.
വടക്കു-പടിഞ്ഞാറൻ ദിശയിലാവും കാറ്റ് വീശുക. കന്യാകുമാരി പ്രദേശം ഗൾഫ് ഓഫ് മാനർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. കാര്യമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.