kk-shylaja

കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ കുറിച്ച്‌ വിശദീകരിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ബിബിസി വേള്‍ഡ് ന്യൂസില്‍ തത്സമയം. അന്താരാഷ്ട്ര മാദ്ധ്യമമായ ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെ കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് കയ്യടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി വേള്‍ഡ് ന്യൂസില്‍ ചര്‍ച്ചയ്ക്കിടെ തത്സമയം ആരോഗ്യമന്ത്രി എത്തിയത്.

വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൊവിഡിനെ പ്രതിരോധിക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ വെറും നാലുപേര്‍ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനെ തുടര്‍ന്ന് ആരോ​ഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുമായുള്ള സംഭാഷണത്തിന് ബിബിസി അവതാരക തുടക്കമിട്ടത്.

കൊവിഡിനെ നേരിടാന്‍ കേരളം കൈക്കൊണ്ട മാര്‍ഗങ്ങളെക്കുറിച്ച്‌ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും, മെഡിക്കല്‍ കോളേജ് ആശുപത്രികളെക്കുറിച്ചും, ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചും മന്ത്രി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാന്‍ സഹായിച്ചുവെന്നും കെ.കെ ശൈലജ പറഞ്ഞു.

പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങള്‍, ആര്‍ദ്രം പദ്ധതി, ആരോ​ഗ്യപ്രവര്‍ത്തകരുടെ ഏകോപനം, വിവിധ ഘട്ടങ്ങളായുളള നിരീക്ഷണം എന്നിവയെല്ലാം സംസ്ഥാനം എങ്ങനെയാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി ബിബിസി അവതാരകയോട് വിശദീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരെ എങ്ങനെയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അവര്‍ക്കായുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വിശദീകരിച്ചു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചര്‍ച്ചയ്ക്കിടയില്‍ ബിബിസി കാണിച്ചിരുന്നു.തത്സമയ ചര്‍ച്ചയുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.