തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളുടെ ഭാഗമായി ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ. സർക്കാർ ഇപ്പോൾ നിശ്ചയിച്ച നിബന്ധനകളോടെ ബസ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. 50 ശതമാനം ആളുകളുമായി ബസ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാർജ് വർദ്ധനയാണെന്നുമാണ് ബസുടമകളുടെ പക്ഷം.
വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് ബസുടമകൾ യോഗം ചേരുന്നുണ്ട്. 11 മണിക്കാണ് യോഗം. ഇതിന് ശേഷം ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും ബസുടമകൾ അറിയിച്ചു. സംസ്ഥാനത്ത് ബസ്, ജലഗതാഗതത്തിൽ കർശനനവ്യവസ്ഥകളോടെയാണ് ഇളവുകൾ അനുവദിച്ചത്. ബസിൽ മൊത്തം സീറ്റിന്‍റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാൻ പാടില്ല. ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതുമില്ല. ഇത് അംഗീകരിക്കാത്തതിലാണ് ബസുടമകൾക്കിടയിൽ പ്രതിഷേധം.