ദാ നോക്കൂ , സാധാരണക്കാരനെപ്പോലെ മാസ്ക്കും ധരിച്ച്, സൂപ്പര്‍ മാര്‍ക്കറ്റില്‍ വരി നില്‍ക്കുന്നയാൾ ഒരു രാജ്യത്തിന്റെ പ്രസിഡണ്ടാണ്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസയാണ്ഒരു സൂപ്പർമാർക്കറ്റിന്റെ വരിയിൽ സംയമനം പാലിച്ച് നിൽക്കുന്നത്. എഴുപത്തിയൊന്നുകാരനായ മാര്‍സെലോ ഈ ചിത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ താരമായിരിക്കുകയാണ്.മറ്റ് രാജ്യങ്ങളിലെ തലവന്മാര്‍ക്ക് മാര്‍സെലോ മാതൃകയാണെന്നാണ് എല്ലാവരും പറയുന്നത്. വി ഐ പി ഗണത്തിലൊക്കെ പെടുത്താവുന്ന ഒരാള്‍ ഇങ്ങനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത് ഒരു അത്യപൂർവ്വ കാഴ്ചയായാണ് ലോകം വിലയിരുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ കൊവിഡ് ആക്രമണം അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞ രാജ്യമാണ് പോര്‍ച്ചുഗല്‍. 1,218 പേരാണ് പോര്‍ച്ചുഗലില്‍ കൊവിഡ് 19 മൂലം മരിച്ചത്. ആകെ 29,000 കേസുകള്‍ മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. രോഗം പടര്‍ന്നുതുടങ്ങിയ ആദ്യഘട്ടങ്ങളില്‍ തന്നെ പോര്‍ച്ചുഗല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. ഇപ്പോള്‍ ദിവസങ്ങളോളം തുടര്‍ന്ന നിയന്ത്രങ്ങളില്‍ അല്‍പം അയവ് വരുത്തിയ സാഹചര്യമാണ് പോര്‍ച്ചുഗലിലുള്ളത്.
എങ്കിലും വന്‍കിട സ്‌റ്റോറുകള്‍, ഷോപ്പിംഗ് മാളുകള്‍, പ്രീ സ്‌കൂള്‍ സ്ഥാപനങ്ങള്‍, ജിം, തിയേറ്ററുകള്‍ ബാറുകള്‍ തുടങ്ങിയവയെല്ലാം ജൂണില്‍ മാത്രമേ തുറക്കൂ. അപ്പോഴേക്ക് നിലവില്‍ ചികിത്സയിലിരിക്കുന്ന രോഗികളെ കൂടി സുഖപ്പെടുത്താനാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ വ്യാപനമില്ല എന്നതും പോര്‍ച്ചഗലിന് ആശ്വാസമാണ്.