ചെറുവത്തൂർ: പത്തംഗ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ച തെയ്യം കലാകാരന്റെ പേരിൽ മാനഭംഗത്തിന് കേസ്. കണിച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് തൃക്കരിപ്പൂർ ഒളവറ മാവിലങ്ങാട് കോളനിയിലെ വി. സുശീൽകുമാറി (22)നെതിരെ നീലേശ്വരം പൊലീസ് പീഡനത്തിന് കേസ് എടുത്തത്. യുവതിയും സുശീൽ കുമാറും പ്രണയത്തിൽ ആയിരുന്നെന്നാണ് വാദം. എന്നാൽ യുവതി വിവാഹിതയായിരുന്നുവെന്ന് അറിയാതെയാണ് സുശീൽകുമാർ പ്രണയിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് ഒരു സംഘം തെയ്യം കലാകാരനെ കൊട്രച്ചാലിലെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ടു തല്ലിയത്. പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീല്കുമാറിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.