zonde

ന്യൂഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ വേര്‍തിരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് കേന്ദ്രം പുറത്തിറക്കിയത്. സോണുകള്‍ പുനര്‍ നിര്‍ണ്ണയിക്കുന്നതിന് ഈ മാനദണ്ഡങ്ങള്‍ ബാധകമാകും.

200 സജീവ കേസുകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ ഗ്രീൻ സോണിൽ ഉള്‍പ്പെടും. ഒരുലക്ഷം ജനസംഖ്യയില്‍ 15ല്‍ കൂടുതല്‍ സജീവ കേസുകളുണ്ടെങ്കിലും റെഡ് സോണിൽ ഉള്‍പ്പെടുത്തും.

രോഗബാധിതര്‍ ഇരട്ടിയാകുന്നതിലെ നിരക്ക് 14 ദിവസത്തില്‍ കുറവാണെങ്കില്‍ ജില്ല റെഡ് സോണാകും. ഗ്രീൻ സോണിൽ ഇത് 28 ദിവസത്തില്‍ അധികമാകണം. മരണനിരക്ക് ആറ് ശതമാനത്തില്‍ കൂടിയാല്‍ റെഡും, ഒരു ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രീനുമാകും. പരിശോധന അനുപാതം 65ല്‍ കുറഞ്ഞാല്‍ റെഡ് സോണാകും. ഗ്രീനിൽ ഉള്‍പ്പെടാന്‍ ഇത് 200ല്‍ അധികമാകണം.

രോഗസ്ഥിരീകരണ നിരക്ക് ആറ് ശതമാനത്തിലധികമായാല്‍ ചുവപ്പ് മേഖലയിലാണ്. പച്ചയില്‍ ഇത് രണ്ട് ശതമാനത്തില്‍ താഴെയാകണം. ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി ജില്ലകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകള്‍ തരംതിരിക്കണം. സബ് ഡിവിഷന്‍, വാര്‍ഡ് തലങ്ങളിലും തിരിക്കാം.