തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാടിൽ നിന്ന് സ്വകാര്യ ബസുടമകൾ പിന്മാറണമെന്ന് പറഞ്ഞ അദേഹം സാഹചര്യം മനസിലാക്കി സഹകരിക്കണമെന്നും സ്വകാര്യ ബസുടമകളോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ പ്രയാസം മനസിലാക്കി ബസ് ഉടമകൾ കൂടെ നിൽക്കണം. റോഡ് നികുതി ഒഴിവാക്കിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ വലിയ നഷ്ടമാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ മുതൽ നടത്തുമെന്ന് പറഞ്ഞ ഗതാഗതമന്ത്രി ബസുകൾ ജില്ലകൾക്കുള്ളിൽ മാത്രമായിരിക്കും സർവ്വീസ് നടത്തുന്നതെന്നും പരമാവധി ബസുകൾ ഓടിക്കുമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. ബസുകളിൽ അമ്പത് ശതമാനം ആളുകളെ മാത്രമെ കയറ്റാവൂ. ആളുകളെ നിർത്തികൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞ അദേഹം യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസ് സഹായം തേടുമെന്നും പറഞ്ഞു.