covid

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് പേടിപ്പെടുത്തുകയാണ്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2,347 പേരിൽ വൈറസ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 741 പേരുടെ വർദ്ധനവാണ്. ഇന്നലെ മാത്രം 63 പേർ മരിച്ചതോടെ ആകെ മരിച്ചവർ 1,198 ആയി. രോഗികളിൽ 1,595 പേർ മുംബയിലാണ്. പൂനെയിൽ 162 പേർക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്.

ആദ്യ ദിവസങ്ങളിൽ 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ 31നും 40നും ഇടയിലുള്ളവരാണ് രോഗബാധിതർ. ഇത് ആരോഗ്യപ്രവർത്തകരെ അമ്പരപ്പിക്കുകയാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇന്നലെ മാത്രം 391 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ ബാധിതർ 11,379. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 34 പേർ. ആകെ മരണം 659. അഹമ്മദാബാദിലാണ് കൂടുതൽ രോഗബാധിതരുള്ളത്, 8420.

തമിഴ്നാട്ടിൽ വൈറസ് ബാധിച്ചവർ 11,224 ആയി. 24 മണിക്കൂറിനുള്ളിൽ 600 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 78 പേർ മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 299 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതരുടെ എണ്ണം 10,054. മരണം 160 ആയി. രാജസ്ഥാനിൽ പുതിയതായി 140 പേർക്ക് വൈറസ് ബാധയുണ്ടായി. ആകെ 5,342 പേർ. 133 മരണം. 4,977 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മദ്ധ്യപ്രദേശിൽ മരണം 248 ആയി. കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ വൈറസ് ബാധിതരുടെ എണ്ണം 4,259 ആയി. മരണം 104. പശ്ചിമബംഗാളിൽ മരണം 238 ആയി. രോഗബാധിതർ 2,677. ആന്ധ്രാപ്രദേശിൽ 52 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേർ മരിച്ചു. ബിഹാറിൽ ആറ് പേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതർ 1,326. മരണം എട്ട്.

ഒഡീഷയിൽ 48 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ ബാധിതർ 876. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിൽ 24 മണിക്കൂറിനിടെ ഏഴ് പേർക്ക് രോഗം ബാധിച്ചു. ആകെ ബാധിതർ 29. ജമ്മു കാശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതരുടെ എണ്ണം 1,183. മരിച്ചവർ 13.