pic

കൊല്ലം: ലോക്ക് ഡൗണിൽ പട്ടിണിയിലായ പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്ന കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പും പൊലീസും അനാസ്ഥ കാട്ടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തെരുവിലെ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണവും വെള്ളവും നൽകാനെത്തുന്നവരെ പൊലീസ് വിലക്കുന്നുവെന്ന പരാതിയിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ അടിയന്തര നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി. പക്ഷി മൃഗാദികളോടുള്ള സ്‌നേഹവും പരിലാളനവും ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. സാമൂഹിക പ്രവർത്തകനായ വി. ദേവദാസ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇടപെടൽ.