വാഷിംഗ്ടൺ: ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് വീണ്ടും വാദിച്ച് അമേരിക്കൻ പ്രസിസന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ്ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഒന്നരയാഴ്ചയായി ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ഉപയോഗിക്കുന്നത്. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്, ഒന്നും സംഭവിച്ചില്ല -എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഹൈഡ്രോക്സി ക്ലോറോക്വിന് അനുകൂല ഗുണങ്ങൾ ഉണ്ടെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ചോദ്യത്തിനും ട്രംപ് മറുപടി നൽകി.
ഒന്നാമത്തെ തെളിവ് ഞാനാണ്. നിരവധി ഫോൺ വിളികൾ എനിക്ക് ലഭിക്കുന്നുണ്ട്. എത്രയാളുകളാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാൽ നമ്മൾ ആശ്ചര്യപ്പെടും.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഹൈഡ്രോക്സി ക്ലോറോക്വിനാണ് ഉപയോഗിക്കുന്നത്- ട്രംപ് വ്യക്തമാക്കി . ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡിനെ പ്രതിരോധിക്കാൻ മികച്ചതാണെന്നാണ് തുടക്കം മുതൽ ട്രംപ് പറഞ്ഞിരുന്നത്.അമേരിക്കയിലേക്ക് ഈ മരുന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിയുമെന്ന് വ്യക്തമാകാതെ ഇറക്കുമതി ചെയ്യുന്നതിനെ ആരോഗ്യരംഗത്തെ വിദഗ്ധരുൾപ്പെടെ ചോദ്യം ചെയ്തിരുന്നു. എന്നാൽ തന്റെ വാദത്തിൽ ട്രംപ് ഉറച്ചുനിൽക്കുകയായിരുന്നു.
അതേസമയം അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,50,294 ആയി. 91,981 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,56,383 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,595 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.