-train

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന് രാജധാനി എക്‌സ്‌പ്രസിൽ ഇന്ന് പുല‌ർച്ചെ 297 യാത്രക്കാർ തിരുവനന്തപുരത്തെത്തി. പ്രാഥമിക പരിശോധനയിൽ ഇവരിലാർക്കും കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ ഇവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹോം ക്വാറന്റൈനുള്ള നിർദേശങ്ങൾ നൽകി ബസുകളിലും വിവിധ വാഹനങ്ങളിലും വീടുകളിലേക്ക് അയച്ചു.

181 പുരുഷൻമാരും 96 സ്ത്രീകളും ഉൾപ്പെടെ ട്രെയിനിലുണ്ടായിരുന്ന 297 യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിൽ വിവിധ ജില്ലകളിലെ വീടുകളിലേക്ക് അയച്ചു. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്ക് 9 ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുപോയത്. 31 പുരുഷൻമാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടുന്ന തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ട്രാൻ.കോർപ്പറേഷന്റെ ബസെത്തി സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇന്ന് പുലർച്ചെ 5 മണിയോടെ തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ നിന്ന് ശക്തമായ ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചത്. സാമൂഹ്യ അകലം പാലിച്ച് ട്രെയിനിൽ നിന്നിറക്കിയ യാത്രക്കാരെ വാതിലിന് സമീപത്ത് വച്ച് തന്നെ തെ‌ർമ്മൽ ഡിറ്റക്ഷൻ പരിശോധന നടത്തി. ചൂടോ പനിയോ ഇല്ലെന്ന് ഉറപ്പാക്കിയശേഷം ലഗേജുകൾ അണുവിമുക്തമാക്കി.

പിന്നീട് ഓരോ സ്ഥലത്തേക്കും പോകാനായി നിർത്തിയിട്ടിരുന്ന ബസുകൾക്ക് സമീപമെത്തിച്ച് സാമൂഹ്യ അകലം പാലിച്ചാണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കിയശേഷം ഹോം ക്വാറന്റൈൻ നിർദേശങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്. ട്രെയിനിലെത്തിയവരുടെ പേരും ഫോൺ നമ്പരുൾപ്പെടെയുള്ള വിവരങ്ങളും തിരുവനന്തപുരത്ത് നിന്ന് ഓരോ ജില്ലയിലെയും ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരും പൊലീസും ഇവരുടെ വീടുകളിലെത്തി ക്വാറന്റൈൻ നിർദേശങ്ങൾ ക‌ർശനമായി പാലിക്കുന്നുവോയെന്ന് ഉറപ്പാക്കുകയും ചെയ്യും.