ലക്നൗ: കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് ഏർപ്പെടുത്തിയ 1000 ബസുകളെ ചൊല്ലി ഉത്തർപ്രദേശിൽ പാർട്ടിയും സർക്കാരും ഏറ്റുമുട്ടുന്നു. രജിസ്‌ട്രേഷൻ നടപടികൾക്കായി ബസുകൾ ലക്നൗവിൽ എത്തിക്കണമെന്ന യു.പി സർക്കാരിന്റെ നിർദേശമാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എ. ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തുവന്നു.
സർക്കാരിന്റെ നടപടികൾ മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തിക്കയച്ച കത്തിൽ പ്രിയങ്ക ഗാന്ധി ആരോപിച്ചു. നോയിഡ, ഗാസിയബാദ് അതിർത്തിയിലുള്ള ബസുകൾ രജിസ്ട്രേഷൻ നടപടികൾക്ക് മാത്രം ലക്നൗവിൽ എത്തിക്കുക പ്രായോഗികമല്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് ഉദ്ദേശ്യമില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.