കൊല്ലം: അച്ചൻകോവിൽ വനത്തിലെ ജനവാസ മേഖലയിൽ കരിമ്പുലി എത്തിയതിന്റെ ഭീതിയിലാണ് ജനം. ഉൾക്കാടുകളിൽ നിന്നും കരിമ്പുലി ഇറങ്ങുക സാധാരണയല്ല. പുലിയും കാട്ടാനയുമൊക്കെ ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടെങ്കിലും വലിയ അപകടകാരിയായ കരിമ്പുലി ഇറങ്ങിയതിന്റെ ഭീതി വിട്ടൊഴിയാതെയാണ് ഇന്നലെ രാത്രി മുഴുവൻ ഇവിടുത്തുകാർ കഴിച്ചുകൂട്ടിയത്.
മൂന്ന് മുക്ക് ഭാഗത്ത് മ്ലാവ് എത്തിയിരുന്നു. ഇതിനെ പിടികൂടാനാണ് കരിമ്പുലി വന്നത്. ഇന്നലെ വൈകിട്ടാണ് മ്ലാവിനെ കരിമ്പുലി ഓടിക്കുന്നത് കണ്ടത്. നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി എട്ടരവരെ തെരച്ചിൽ തുടർന്നു. രാവിലെയും തെരച്ചിൽ തുടരുന്നുണ്ട്. മരങ്ങളിൽ ഒളിഞ്ഞിരിക്കാനും സാദ്ധ്യതയുണ്ട്. ഇരകിട്ടാതെ പുലി മടങ്ങില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. വനത്തിനോട് ചേർന്ന ജനവാസമേഖലയിലാണ് കരിമ്പുലി ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. കരിമ്പുലി ജനവാസ മേഖലയിൽ ഇതുവരെ കണ്ടിട്ടില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തും.