മനുഷ്യജീവിതം പ്രകൃതിക്ക് മുന്നിൽ എത്രമേൽ നിസാരവും നിസഹായവുമാണെന്ന കാര്യം ഈ കൊവിഡ് കാലത്ത് എല്ലാവരും മനസിലാക്കിയിട്ടുണ്ടാകും. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നമ്മുടെ കൊച്ചുകേരളം ഒന്നാമത്തെ മാതൃകയായി ഉയർന്നു നിൽക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. പക്ഷേ ആ ഉയരത്തിന് അടിസ്ഥാനശില പാകിയത് ഒരു സന്യാസിയാണ് എന്ന കാര്യം എന്തുകൊണ്ടോ നാം മറന്നുപോയിരിക്കുന്നു. 'അന്യർക്കു ഗുണം ചെയ്യാൻ ആയുസും വപുസും തപസും ബലികൊടുത്ത" അപൂർവനായൊരു ഋഷിയോടുളള കടപ്പാട് നാം ഇത്തരുണത്തിൽ ഓർക്കേണ്ടിയിരിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ശ്രീനാരായണഗുരു കേരളീയ സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങളാണ് ഇന്ന് കൊവിഡ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കൊവിഡിനേക്കാൾ അപകടകാരിയായ വൈറസാണ് മനുഷ്യൻ. പ്രകൃതിയുടെ യജമാനനാണ് താനെന്ന അഹങ്കാരമാണ് അവനെ വഴിതെറ്റിച്ചത്. അനന്തമായ പ്രകൃതിയിലെ കേവലം ഒരണുമാത്രമാണ് താൻ എന്ന വിനയം അവനു പണ്ടേ കൈമോശം വന്നുപോയി. അമിതമായ തന്റെ ഉപഭോഗതൃഷ്ണ തന്നെയാണ് തന്റെ ശവക്കുഴിയും തോണ്ടുന്നതെന്ന് അവനോർത്തില്ല. സാർസ്, എച്ച് 1 എൻ 1, കൊവിഡ് 19 എന്നീ മഹാമാരികൾക്ക് ഈ നൂറ്റാണ്ടിൽ തന്നെ മനുഷ്യന് വിധേയനാകേണ്ടി വന്നു. 2050 ആകുമ്പോഴേക്കും രണ്ട് കോടിയോളം ആളുകൾ മരിക്കുന്ന ജന്തുജന്യ രോഗങ്ങൾ മനുഷ്യരെ കീഴടക്കുമത്രെ! കൊവിഡ്ക്കാലം കഴിഞ്ഞാൽ കഴിഞ്ഞതെല്ലാം ഒരു ദുഃ സ്വപ്നമായി മറന്നുകളയാൻ അവനു കഴിയും.'ആവാസ വ്യവസ്ഥയിലേക്കുളള കടന്നുകയറ്റവും വ്യാപകമായ വന്യജീവി ഉപഭോഗവും വൈറസുകൾ മനുഷ്യരിലേക്ക് എത്താൻ കാരണമാവുകയാണ് ' എന്നാണ് ഐക്യരാഷ്ട്രസഭ എൻവയൺമെന്റ് പ്രോഗ്രാം മേധാവിയായ ഇൻഗർ ആൻഡേഴ്സൺ ചൂണ്ടിക്കാണിച്ചത്. നൂറ്റാണ്ടിനുമുമ്പു തന്നെ ശ്രീനാരായണഗുരു ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്നത്തേതുപോലുള്ള അതിരുകടന്ന ഉപഭോഗസംസ്ക്കാരം പരിസ്ഥിതിയെയും പ്രകൃതിയെയും ഇതുപോലെ നശിപ്പിച്ചിരുന്നില്ല. എന്നിട്ടും കാലത്തെ കടന്നുകണ്ട ഗുരുവിന്റെ വചനങ്ങൾ നടരാജഗുരുവിന്റെ ഗുരുവരുളിന്റെ 30-ാം പേജിൽ നാം വായിച്ചു നോക്കേണ്ടതാണ്. ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യനു മാത്രമെ ഉള്ളൂവെന്നും അതിനാൽ അവൻ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തുകൊണ്ട് നടക്കുകയാണെന്നും ഗുരു വേദനയോടെ പറയുന്നു. മനുഷ്യൻ തനിക്കു വരുത്തിക്കൂട്ടുന്ന വംശനാശത്തിൽ മറ്റുള്ള ജീവികളെക്കൂടി പെടുത്താതെ നിശേഷം വെന്തു വെണ്ണീറായി പോയെങ്കിൽ മറ്റു ജീവികൾ അതൊരു അനുഗ്രഹമായി കരുതുമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഗുരു ആ സംഭാഷണം അന്ന് അവസാനിപ്പിച്ചത്.
മനുഷ്യരാശി ഒരൊറ്റ സമൂഹമാണെന്ന് മാത്രമല്ല സർവജീവജാലങ്ങളും അതിന്റെ അവിഭാജ്യഘടകമാണെന്നും അനുഭവിച്ചറിഞ്ഞ ആർഷസംസ്കാരത്തിന്റെ മിക്കവാറും അവസാനത്തെ കണ്ണിയായിരുന്നു നാരായണഗുരു. ഗുരുവിന്റെ ദർശനത്തിന്റെ കാതൽ സൈദ്ധാന്തികതലത്തിൽ മാത്രം ഒതുങ്ങാത്ത ഈ ഏകതയായിരുന്നു. കൊവിഡ് നമ്മെ പഠിപ്പിച്ച ആദ്യ പാഠവും ഈ ഏകതയുടേത് തന്നെ. ഗുരു അരുവിപ്പുറത്ത് കുറിച്ചുവച്ച ചതുഷ് പദിയുടെ പൊരുൾ കൊവിഡ് തന്നെ നമ്മെ ഇപ്പോൾ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അതിരുകൾ മനുഷ്യസൃഷ്ടമാണെന്നും പ്രകൃതി അത്തരം അതിരുകൾ കല്പിച്ചിട്ടില്ലെന്നും നമുക്ക് ഇപ്പോൾ ബോദ്ധ്യമായി.'പ്രിയമൊരുജാതി" എന്ന് ഗുരു അരുളിയതും നമുക്ക് കോറോണ മനസിലാക്കിതന്നു. സർവത്തിലും പ്രിയം അവനവന്റെ ജീവൻതന്നെ! ജാതിയുടെയോ വംശത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ അടിസ്ഥാനമില്ലാതെ തന്നെ എല്ലാവരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി കൊവിഡ് മാറ്റിയെടുത്തതും ചരിത്രത്തിന്റെ ഒരു തമാശ! പ്രസിഡന്റെന്നോ, പ്രധാനമന്ത്രിയെന്നോ, രാജാവെന്നോ, പ്രജയെന്നോ ഉള്ള ഭേദമൊന്നും കൊവിഡിനില്ല. എല്ലാവരും കൊവിഡിനു മുമ്പിൽ തുല്യ അകലം പാലിക്കേണ്ടവർ. പള്ളികളിലും ക്ഷേത്രങ്ങളുമൊക്കെ ദൈവങ്ങൾ പോലും ഏകരായിരിക്കുന്നു. ദൈവം സത്യത്തിൽ ദേവാലയത്തിലല്ലെന്നും ഹൃദയാലയത്തിലാണെന്നും മനുഷ്യർക്ക് ഏറെക്കുറെ മനസിലാകാൻ തുടങ്ങിയിരിക്കുന്നു. കരിയും കരിമരുന്നും വേണ്ടെന്ന് ഗുരു പറഞ്ഞത് കൊവിഡ് ഈ വർഷം നമ്മെ അനുസരിപ്പിച്ചു. പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ തന്നെ ആചരിക്കാൻ നമുക്കായി. അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിക്കുന്നവനാണ് ദൈവം എന്നാണ് ഗുരു ദൈവദശകത്തിൽ സ്തുതിച്ചത്. മുട്ടാതെ എന്ന പദത്തിന്റെ അർത്ഥം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും നമുക്ക് മനസിലായിരുന്നില്ല. അതു മനസിലാകാത്ത പ്രകൃതിയിലെ ഏകജീവി മനുഷ്യനാണ്. എന്നാൽ കൊവിഡ് അക്കാര്യം നമ്മെ മനസിലാക്കിക്കൊണ്ടിരിക്കുന്നു. പരിമിത വിഭവങ്ങളെക്കൊണ്ടും ജീവിക്കാനാകുമെന്ന് നാം പഠിച്ചുകൊണ്ടിരിക്കുന്നു. ജീവിക്കാൻവേണ്ടിയാണ് ആഹാരം കഴിക്കേണ്ടതെന്നും അല്ലാതെ ആഹാരം കഴിക്കാൻ വേണ്ടി മാത്രമല്ല ജീവിക്കേണ്ടതെന്നും കുറെപേർക്കെങ്കിലും മനസിലായിക്കാണും.'അരുളുള്ളവനാണ് ജീവി "എന്നൊരു പുതിയ മന്ത്രം ലോകത്തിനു സംഭാവന ചെയ്ത ഋഷിയാണ് ഗുരു.
സസ്യാഹാരിയുടെ ഘടനയോടെയാണ് മനുഷ്യനെ പ്രകൃതി സൃഷ്ടിച്ചിട്ടുളളത്. പക്ഷേ എല്ലാറ്റിനെയും ആഹരിക്കുന്ന വിചിത്രജീവിയായി അവൻ മാറി. ഈനാംപേച്ചി, വവ്വാൽ, മരപ്പട്ടി, പാമ്പ്, എലി തുടങ്ങി സകല കരജീവികളും ജലജീവികളും പക്ഷിവർഗങ്ങളും എന്നല്ല സകലതും മനുഷ്യന്റെ ആർത്തി ആഹാരമാക്കി. ജീവികളെ കൊല്ലുമ്പോൾ അവയ്ക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം അവയുടെ സ്രവങ്ങളെ വൈറസുകൾ നിറഞ്ഞതാക്കുന്നു. അതു പറ്റിച്ചേർന്ന മാംസം മനുഷ്യൻ തിന്നുന്നതാണ് ജന്തുജന്യ രോഗങ്ങൾക്ക് കാരണമെന്ന് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. ഒരു പീഠ എറുമ്പിനും വരുത്തരുത് എന്നാണ് ഗുരു നമ്മോട് അനുശാസിച്ചത്. മാത്രമല്ല കൊല്ലുന്നതിനേക്കാൾ പാപം തിന്നാൻവേണ്ടി കൊല്ലിക്കുന്നതാണെന്നും ഗുരു അരുളിച്ചെയ്തു. ' നിരുപദ്രവമാം ജന്തുനിരയെ തൻ ഹിതത്തിനായ് വരുപ്പോന് വരാ സൗഖ്യം വാണാലും ചത്തുപോകിലും" എന്ന ഗുരുപാഠം കൊവിഡെങ്കിലും നമ്മെ പഠിപ്പിച്ചെങ്കിൽ!അനാവശ്യമായ ആർഭാടങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും നമ്മെ മാറ്റി നിർത്താൻ കൊവിഡ് തന്നെ വേണ്ടിവന്നു. പക്ഷെ ഇത് കൊവിഡ്ക്കാലത്തിനും നൂറ്റാണ്ട് മുമ്പുതന്നെ ഗുരു ഈ നിർദ്ദേശം നൽകിയിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കുന്നതോടൊപ്പം തന്നെ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ അനാവശ്യ ചെലവുകൾ നടത്തുന്നതിനെ ഗുരു ശക്തമായി വിലക്കിയിരുന്നു. മിതവ്യയത്തിന് ഗുരു വലിയ പ്രാധാന്യം നൽകി. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ഗുരു നിബന്ധന വച്ചിരുന്നു. ' ഒരു വിവാഹത്തിന് പത്ത്പേർ മാത്രമെ ആകാവു" 'മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്ത ആളുകൾ ഒത്തുചേർന്ന് പത്ത് ദിവസവും പ്രഭാതത്തിൽ കുളിയും മറ്റും കഴിഞ്ഞ് ഈശ്വരനെ വിശ്വാസാനുസരണം പ്രാർത്ഥിച്ചാൽ മതി. " എന്നീ ഗുരുവിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കൊവിഡ്ക്കാലം വേണ്ടിവന്നു!വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും വളരെ പ്രാധാന്യം കല്പിച്ചിരുന്നു ഗുരു. ശുചിത്വത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാതിരുന്ന കേരളീയ സമൂഹങ്ങളിൽ അക്കാലത്ത് കുളി സംഘങ്ങളുണ്ടാക്കി ശരീരശുചിത്വം പാലിക്കാനുളള പ്രസ്ഥാനത്തിനു പോലും ഗുരു രൂപം നൽകിയിരുന്നു. 'ശൗചമാണ് പ്രധാനം. എല്ലാവരും രാവിലെ അടിച്ചുനനച്ച് കുളിക്കണം. കായശുദ്ധി ഉണ്ടായാൽ ആഹാരശുദ്ധിയും ഭവനശുദ്ധിയും എല്ലാ ശുദ്ധിയും അതിൽ നിന്ന് ഉണ്ടാകും. അത് സാധിച്ചാൽ മനുഷ്യന് എല്ലാം സാധിക്കും."എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. പണ്ടൊക്കെ വീടിന്റെ ഉമ്മറപ്പടിയിൽ വെള്ളവുമായി പുറത്തുനിന്നു വരുന്നവരെ കാത്തിരുന്ന 'കിണ്ടി" എന്നൊരു ഓട്ടുപാത്രം ഉണ്ടായിരുന്നു. പുറത്തുനിന്ന് വരുന്നവർ കൈയും കാലും മുഖവും കഴുകിയേ അകത്തു കയറുമായിരുന്നുളളു. കൊവിഡ് വീണ്ടും ഗുരുവിന്റെ ശുചിത്വപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയും സ്വയം ഒരു ശുദ്ധീകരണത്തിന് വിധേയമാവുകയാണ് ഈ കൊവിഡ്ക്കാലത്തെന്ന് തോന്നുന്നു.'കൃഷി ചെയ്യണം കൃഷിയാണ് ജീവരശിയുടെ നട്ടെല്ല്, അല്ല ലോകത്തിന്റെ ജീവൻ ' എന്നാണ് ഗുരു കല്പിച്ചത്. അലസരായിരിക്കാൻ ഗുരു ആരെയും അനുവദിച്ചിരുന്നില്ല. 'സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയെങ്കിലും നാം പ്രയത്നങ്ങളിൽ മുഴുകിയിരിക്കണം. അതിനാൽ പറമ്പുകളിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടുവളർത്തണം" എന്നായിരുന്നു ഗുരുവിന്റെ നിർദ്ദേശം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിഷം കലർന്ന പച്ചക്കറികളും പഴങ്ങളും കാത്തിരിക്കുന്ന നാം ഇതും ഏറെക്കുറെ മറന്നു. കൊവിഡ്ക്കാലം നമ്മുടെ കൃഷി താത്പര്യങ്ങളെ ഉണർത്താൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല സ്വയം പ്രയത്നിക്കേണ്ട കാലം വരികയായി.
അന്യസംസ്ഥാന തൊഴിലാളികൾ കൂടി കൂട്ടത്തോടെ സ്ഥലം വിട്ടല്ലോ!ഗുരു ഏറെ ശക്തമായി ഊന്നിപ്പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു മദ്യവർജ്ജനം. 'മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് ' എന്നായിരുന്നു ഗുരുവിന്റെ ഒരു ജന്മദിന സന്ദേശം പോലും. കൊവിഡിന്റെ ഏറ്റവും നല്ല ഗുരുപാഠം മദ്യവർജ്ജനമാണെന്ന് തോന്നുന്നു. മദ്യം കൂടാതെയും ജീവിക്കാമെന്ന് കുറെ മദ്യാപാനികൾക്കെങ്കിലും മനസ്സിലായിക്കാണും. കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ഗുരു എടുത്ത് പറയാറുണ്ടായിരുന്നു. സ്നേഹവും, ക്ഷമയും, പാരസ്പര്യവുമൊക്കെയാണ് കുടുംബ ജീവിതത്തെ സമ്പുഷ്ടമാക്കുക എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. ലോക്ക് ഡൗൺകാലം കുടുംബ ബന്ധങ്ങളെ വീണ്ടും വിളക്കിച്ചേർക്കാൻ ചിലർക്കെങ്കിലും അവസരമൊരുക്കിയിരിക്കണം!അതൊരു ദുരന്തകാലമാണ്. തർക്കമില്ല. ജീവനാശവും സാമ്പത്തിക തകർച്ചയുമൊക്കെ പരിഹരിക്കാനാവാത്ത ദുരിതങ്ങൾ തന്നെയാണ്. സമചിത്തതയോടെ ജാഗ്രതയോടെ അതെല്ലാം നാം അഭിമുഖീകരിച്ചേ പറ്റൂ. ഇതെല്ലാം പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളാണെങ്കിൽ ആ പാഠങ്ങൾ ഉൾകൊണ്ട് പുതിയൊരു ജീവിതത്തിന് ഇനിയെങ്കിലും മനുഷ്യ സമൂഹം തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(ലേഖികയുടെ ഫോൺ: 7510667688)