മദ്യശാലയിൽ വർഷങ്ങൾ പണിയെടുത്തിട്ടും ഒരു തുള്ളി ലഹരി രുചിക്കാത്തവരില്ലേ? വഴിവിട്ട് ജീവിക്കുന്ന സ്ത്രീയുടെ മകൾ പതിവ്രതയായി ജീവിക്കുന്നില്ലേ? ചെറുതായി തെറ്റുകളിലേക്ക് പിച്ചവയ്ക്കുന്നവർ എല്ലാകാലത്തും ചോദിക്കുന്ന സംശയങ്ങളാണിവ.
ഒരു തീർത്ഥയാത്രയ്ക്കിടയിൽ കൂട്ടം തെറ്റി ബാറിൽ കയറി മദ്യപിച്ചെത്തിയ വിനോദിന്റെ സംശയവും അതായിരുന്നു. സംഘാടകനായ പരമേശ്വരൻ ഒന്നുപുഞ്ചിരിച്ചതേയുള്ളൂ. സാംക്രമികരോഗങ്ങൾ തന്നെ എല്ലാവരിലേക്കും പകരണമെന്നില്ല. പകർന്നാൽതന്നെ മാരകമാകണമെന്നുമില്ല. എന്നുകരുതി സംസർഗദോഷത്തെ അവഗണിച്ചാലോ. അവനവന്റെ മാനസികപ്രതിരോധത്തിനും ചിന്താശക്തിക്കും അനുസൃതമായിരിക്കും ദോഷങ്ങളുടെ കടന്നുകയറ്റവും വ്യാപ്തിയും. ഉറച്ച പർവതത്തിനുമുകളിലായാലും തൊട്ടാവാടി ചെറിയൊരു സ്പർശമേറ്റാൽ വാടിപ്പോകും. എന്നാൽ കള്ളിമുള്ള് ഏതു കാറ്റിനെയും അതിജീവിക്കും. ദോഷങ്ങളും അതുപോലെയാണ്. സാഹചര്യമൊത്താൽ ബാധിക്കുന്നവരും ബാധിക്കാത്തവരുമുണ്ട്. അത് ഒരു പൊതുലക്ഷണമായി പറയാനാവില്ല. ചർച്ചകൾ ഇത്തരത്തിൽ പുരോഗമിച്ചപ്പോൾ സംഘാടകനായ പരമേശ്വരൻ ഒരു കഥയുമായി ഇടപെട്ടു. വാല്മീകി രാമായണത്തിൽ നിന്ന്. കാനനവാസത്തിനിടയിൽ ശ്രീരാമനെ സീത ഓർമ്മിപ്പിക്കുന്ന ഒരു സാരോപദേശകഥ. സന്തുഷ്ടി കളിയാടുന്ന ഒരു കൊടും കാട്ടിൽ പക്ഷിമൃഗാദികൾ സ്വൈരമായി വിഹരിച്ചിരുന്നു. കലഹമില്ല, വിലാപങ്ങളില്ല. ആ കാട്ടിൽ ശ്രേഷ്ഠനായ ഒരു മുനി തപസ് ചെയ്യുകയായിരുന്നു. മഹർഷിയുടെ തപസ് നീണ്ടുപോയാൽ ദേവലോകത്തെ പലതും നഷ്ടമാകും. അതിനാൽ തപോവിഘ്നം വരുത്തണം. ഇത്തരം കുമാർഗങ്ങൾ ഇന്ദ്രന് വലിയ വശമാണ്. ഒരു യോദ്ധാവിന്റെ വേഷത്തിൽ മൂർച്ചയേറിയ വാളുമായി ഇന്ദ്രൻ ആശ്രമത്തിലെത്തി. അല്പസമയം വാൾ ആശ്രമത്തിലിരിക്കട്ടെ. ഞാൻ അല്പം കഴിഞ്ഞുവരാമെന്ന് പറഞ്ഞു വാൾ അവിടെ വച്ചിട്ട് അയാൾ മറഞ്ഞു.
തപോമാർഗത്തിലാണെങ്കിലും ഏറ്റകാര്യം സംരക്ഷിക്കണം. മഹർഷി എവിടെപ്പോയാലും വാൾ കൂടികൊണ്ടുപോകാൻ തുടങ്ങി. കുളിക്കാൻ പോകുമ്പോഴും കായ്കനികൾ ശേഖരിക്കാൻ പോകുമ്പോഴുമെല്ലാം വാൾ ഒപ്പമുണ്ടാകും. മൂർച്ചയേറിയ വാളിന്റെ തിളക്കവും ഭംഗിയും മഹർഷിയെ ആകർഷിച്ചു. ക്രമേണ തപോനിഷ്ഠ കുറഞ്ഞു. വാളിനോട് സല്ലപിക്കാനും സംസാരിക്കാനും തുടങ്ങി. വാളിന്റെ സ്വാധീനത്തിൽ ഭ്രമിച്ച മുനി അധർമ്മചാരിയായി. ഹിംസ തുടങ്ങി. വാൾകൊണ്ട് പല ജന്തുക്കളെയും കൊന്നൊടുക്കി. ഒടുവിൽ നരകത്തിൽ പതിച്ചു. സാഹചര്യങ്ങളുടെ ബലത്തെ മറികടക്കാനുള്ള ആത്മധൈര്യം ഉണ്ടാക്കിയാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാനാകൂ.
(ഫോൺ : 9946108220)