പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ളൗസുമൊക്കെ ഇപ്പോൾ എത്രപേർ ഉപയോഗിക്കുന്നുണ്ട്. എന്റെ അമ്മൂമ്മ ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇപ്പോഴത്തെ അമ്മൂമ്മമാരിൽ ചട്ടയും മുണ്ടും ധരിക്കുന്നവർ കുറവാണ്. അവർ നൈറ്റിയും അതിന്റെ അടുത്തടുത്ത വേഷത്തിലേക്കും പോയി.എന്റെ അമ്മ പോലും സൽവാറും ചുരിദാറുമാണ് ഉപയോഗിക്കുന്നത്.ഹണിറോസ് സംസാരിക്കുന്നു........
മോഡേൺ വേഷങ്ങളിലാണല്ലോ അധികവും കാണുന്നത് ?
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ ആരോടും അഭിപ്രായം ചോദിക്കാറില്ല.എന്റെ കംഫർട്ടാണ് പ്രധാനം .
നമുക്ക് ഓടിച്ചാടി നടക്കാൻ പറ്റുന്ന വേഷമാകണം . സാരി ഉടുത്താൽ ഒരിക്കലും അങ്ങനെ നടക്കാൻ കഴിയില്ല. അപ്പോൾ നമ്മുടെ നടത്തം ഉൾപ്പെടെയെല്ലാം കുഴപ്പമാകും. ചുരിദാർ ധരിച്ചാൽ ഷാൾ ശരിയായിടുക തുടങ്ങിയ കുറെ സംഗതിയുണ്ട്. ജീൻസും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റ്സും ടോപ്പുമാണ് അധികവും ഉപയോഗിക്കുക.
അത്തരം ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇതുവരെ മോശം കമന്റൊന്നും വന്നിട്ടില്ല. കൂടുതലും പോസിറ്റീവ് കമന്റാണ്. ഫോട്ടോ ഷൂട്ടിന് ചിലപ്പോൾ വളരെ മോഡേണായ കോസ്റ്റ്യും ഉപയോഗിക്കേണ്ടി വരും.
നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല അത്തരം വസ്ത്രധാരണം
എന്ന വാദഗതിയോട് യോജിക്കുന്നുണ്ടോ?
കാലം മാറി. ഞാൻ ഇപ്പോൾ ഫ്രണ്ട്സിന്റെയോ ബന്ധുക്കളുടെയോ വീടുകളിൽ ചെന്നാൽ അവിടത്തെ പെൺകുട്ടികൾ ഷോർട്ട് സ്ളീവ് ലെസ് ടോപ്പാണ് ധരിച്ചിട്ടുണ്ടാകുക. അത് ഒരു മോശം വേഷമാണെന്ന തോന്നൽ അവർക്കില്ല. കാണുന്നവർക്കുമില്ല. കാഴ്ചപ്പാടിലാണ് എല്ലാം. ഒരു വസ്ത്രം ധരിച്ച് പുറത്തു പോകുമ്പോൾ കുറെ ആളുകൾ തുറിച്ചുനോക്കുകയാണെങ്കിൽ നമുക്ക് തന്നെ ബുദ്ധിമുട്ടാണ്. എന്തോ ,മോശം ചെയ്തു എന്ന തോന്നലുണ്ടാവും. വിദേശത്ത് പോകുമ്പോൾ കംഫർട്ട് തോന്നുന്ന ഏത് വസ്ത്രവും ധരിക്കാം. അവിടെ ആരും ശ്രദ്ധിക്കില്ല. ഒരു ശരീരം എന്ന വിധത്തിലല്ല അവരതിനെ കാണുന്നത്. ഇവിടെയാണ് വസ്ത്രധാരണത്തിൽ നമ്മൾ ഉത്കണ്ഠ കാട്ടുന്നതും തുറിച്ചു നോക്കുന്നതും . എന്നാൽ ഇപ്പോൾ ഭൂരിഭാഗം ആളുകളുടെയും മനോഭാവത്തിൽ വലിയ മാറ്റം സംഭവിച്ചു. ഡ്രസിംഗ് സ്റ്റൈൽ എന്നതിന് കംഫർട്ട് ,വൾഗാരിറ്റി എന്നിങ്ങനെ രണ്ട് തലമുണ്ട്. വൾഗാരിറ്റിയിലേക്ക് പോകാതെ വസ്ത്രം ധരിക്കണം. കാണുന്ന ആളിനും കുഴപ്പം തോന്നരുത്.അപ്പോൾ പിന്നെ പ്രശ്നമില്ല.വസ്ത്രം ഏതുമാകാം. മോഡേണുമാകാം നാടനുമാകാം.
പെൺകുട്ടികൾ അൾട്രാ മോഡേൺ വസ്ത്രം ധരിക്കുന്നത്
സമൂഹത്തെ മോശമായി സ്വാധീനിക്കുമോ?
അങ്ങനെ കരുതുന്നില്ല . കാലം മാറി, ഇനിയും മാറിക്കൊണ്ടേയിരിക്കും. നമ്മുടെ അമ്മമാർ പോലും മാറിയല്ലോ.പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ളൗസുമൊക്കെ ഇപ്പോൾ എത്രപേർ ഉപയോഗിക്കുന്നുണ്ട്. എന്റെ അമ്മൂമ്മ ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇപ്പോഴത്തെ അമ്മൂമ്മമാരിൽ ചട്ടയും മുണ്ടും ധരിക്കുന്നവർ കുറവാണ്. അവർ നൈറ്റിയും അതിന്റെ അടുത്തടുത്ത വേഷത്തിലേക്കും പോയി.എന്റെ അമ്മ പോലും സൽവാറും ചുരിദാറുമാണ് ഉപയോഗിക്കുന്നത്. അതാണ് സൗകര്യം.അല്ലാതെ സ്റ്റൈലിഷാവണം, മോഡേണാവണമെന്ന ഉദ്ദേശത്തിലല്ല അവർ പുതിയ വസ്ത്രധാരണ രീതിയിലേക്ക് മാറിയത്. സാരി ധരിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ സാരിയുടുത്ത് വരുന്ന സീക്വൻസുണ്ട്. നിൽക്കാനും നടക്കാനും ബുദ്ധിമുട്ടാണ്. സാരിയുടുത്ത് കഴിഞ്ഞാൽ ചിലപ്പോൾ തട്ടിവീഴാൻ തുടങ്ങും. സാരിയുടുത്താൽ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ് . വലിയ ജോലിയൊന്നും ചെയ്യാതെ കെട്ടിയൊരുങ്ങി നിൽക്കാനാണെങ്കിൽ കുഴപ്പമില്ല . ഓടിച്ചാടി നടക്കാനും എല്ലാ ജോലിയും ചെയ്യാനും സാരി അസൗകര്യമാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരും. ഇപ്പോഴത്തെ കാലത്ത് മുണ്ടും ഷർട്ടും ധരിച്ച് നടക്കുന്ന എത്ര ആൺകുട്ടികളുണ്ട്.അവർ പാന്റ്സിലേക്കും ജീൻസിലേക്കും ബർമുഡയിലേക്കും മാറി. ആ മാറ്റം ഉൾക്കൊള്ളുക തന്നെ വേണം. ജീവിതം കുറെക്കൂടി എളുപ്പമാക്കാനുള്ള വഴിയാണ് മാറ്റങ്ങൾ.
ഏതാണ് ഏറ്റവും കംഫർട്ടബിളായ വസ്ത്രം?
ഏതു വസ്ത്രം ധരിച്ചാലും ഭംഗി തോന്നണം. അപ്പോൾ ആത്മവിശ്വാസം അനുഭവപ്പെടും. എങ്കിൽ മാത്രമേ സുന്ദരിയാകൂ. ആത്മവിശ്വാസമില്ലെങ്കിൽ ഏത് വസ്ത്രം ധരിച്ചാലും സൗന്ദര്യം കാണില്ല. എനിക്ക് ജീൻസും ടോപ്പുമാണ് കംഫർട്ടബിൾ. പിന്നെ പലാസോ പാന്റ്സ്. സൽവാർ ഇഷ്ടമാണെങ്കിലും അധികം ഉപയോഗിക്കാറില്ല.
മാറുന്ന ഫാഷൻ ട്രെൻഡുകൾ ശ്രദ്ധിക്കാറുണ്ടോ?
തീർച്ചയായും.പരിപാടികൾക്കും ചാനൽ അഭിമുഖങ്ങൾക്കും പോകുമ്പോൾ ധരിച്ചിരുന്ന വേഷം നല്ലതായിരുന്നെന്നും എവിടെനിന്ന് വാങ്ങിയതാണെന്നും ഒരുപാട് അന്വേഷണം വരാറുണ്ട്. സ്റ്റൈലിഷ് ഗൗണുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്റ്റൈലിഷായതും എന്നാൽ എനിക്ക് ചേരുന്നതുമായ പാറ്റേണുകൾ ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുക. ട്രെൻഡുകൾ നോക്കി അല്പം വ്യത്യസ്തമായ ഡിസൈനുകൾ ഷിജുച്ചേട്ടൻ (പേഴ്സണൽ കോസ്റ്റ്യും ഡിസൈനർ) തന്നെ ചെയ്തു തരും. ആദ്യം പൂർണിമ ചേച്ചിയുടെ പ്രാണയിൽ നിന്നും പിന്നീട് ലേബൽ എമ്മിൽ നിന്നുമാണ് സെലക്ട് ചെയ്തിരുന്നത്. പിന്നീടാണ് ഷിജുച്ചേട്ടൻ ഡിസൈൻ ചെയ്യാൻ തുടങ്ങിയത്. പരിപാടികൾക്കു പോകുമ്പോൾ ഒരു തീം മനസിൽ വരും .അതിൽ ട്രെൻഡിയായി എന്തൊക്കെ കൂട്ടിച്ചേർക്കാമെന്ന് ആലോചിക്കും. അതിന് വേണ്ടി കുറേ സമയം ചെലവഴിക്കാറുണ്ട്.
എല്ലാ വേഷവും ചേരുന്ന താരങ്ങളില്ലേ?
ഒരുപാടുപേരുണ്ട്. ഉദാഹരണത്തിന് ശോഭനച്ചേച്ചി. ചേച്ചി ക്ളാസിക്കൽ ഡാൻസർ കൂടിയാണ്. സ്വാഭാവികമായും നർത്തകർക്ക് ഒരു നാടൻ ലുക്കുണ്ട്. പക്ഷേ ശോഭനച്ചേച്ചി അങ്ങനെയല്ല. ഏത് വേഷവും ചേരും. സാരിയായാലും സൽവാറായാലും ജീൻസും ടോപ്പുമായാലും അനുയോജ്യമാണ്.ശോഭനച്ചേച്ചി വെസ്റ്റേൺ ഡാൻസ് ചെയ്താലും ആ വ്യത്യാസം ഫീൽ ചെയ്യും. മംമ്തയാണ് നാടനും മോഡേണും നന്നായി ചേരുന്ന മറ്റൊരു നായിക. മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്കാണ് എല്ലാ വേഷങ്ങളും ചേരുന്നത്. അതുകൊണ്ടാണല്ലോ നമ്മൾ കഷ്ടപ്പെട്ട് വണ്ണം കുറയ്ക്കുന്നത്. തടിച്ച ശരീരപ്രകൃതം ഉള്ളവർക്ക് എല്ലാ വേഷവും ചേരില്ല എന്നല്ല . പക്ഷേ ജീൻസും ടോപ്പും ധരിക്കുമ്പോൾ ബുദ്ധിമുട്ടുതോന്നും. നമ്മുടെ മനോഭാവം തന്നെ അങ്ങനെയാണ്. മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരാണ് നമ്മുടെ ഐഡൽ ബ്യൂട്ടി. മമ്മുക്കയും ലാലേട്ടനുമൊക്കെ എക്കാലത്തും എല്ലാത്തരം കോസ്റ്റ്യുംസും ചേരുന്ന നായകന്മാരാണ് .പുതിയ നായകന്മാരിൽ ഫഹദും ടൊവിനോയുമാണ് ആ ഗണത്തിൽപ്പെടുന്നത്.
ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത്
അച്ഛനാണോ അമ്മയാണോ?
അച്ഛനും അമ്മയ്ക്കും ഒറ്റ മോളാണ്. രണ്ടുപേരും എപ്പോഴും എന്റെയൊപ്പമുണ്ടാകും. രണ്ടുപേരോടും ഒരേ പോലെ അടുപ്പമാണ്.സിനിമയുടെയും ഡ്രസിന്റെയും കാര്യത്തിൽ അമ്മയോടാണ് ഉപദേശം തേടുന്നത്. അച്ഛന് യാത്രകൾ വലിയ ഇഷ്ടമാണ്. എവിടെയും എന്റെയൊപ്പം വരുന്നത് അച്ഛനാണ്. മൂലമറ്റമാണ് നാട്.അവിടെ ആയുർവേദിക് ബാത്ത് സ്ക്രബ് എന്ന സ്ഥാപനമുണ്ട്.അതിന്റെ കാര്യങ്ങൾ അമ്മയാണ് നോക്കുന്നത്.
ഈ കുടുംബം എന്നാണ് വലുതാകുക?
ആലോചനയൊന്നും തുടങ്ങിയിട്ടില്ല. ഒരാളെ കണ്ടുപിടിക്കണം. വരട്ടെ സമയമുണ്ട്.