liqor-supply

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവിൽപ്പന തുടങ്ങാൻ ധാരണ. മദ്യവിൽപ്പനയ്ക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഇന്ന് ട്രെയൽ റൺ നടത്തും. ഗൂഗിൾ നൽകുന്ന സെക്യൂരിറ്റി ക്ലീയറൻസ് ഇന്ന് ലഭിച്ചേക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന.

എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സർക്കാരിന് വേണ്ടി മൊബൈൽ ആപ്പ് തയ്യാറാക്കിയത്. ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും, തിരക്കു കുറഞ്ഞ ഔട്ട്‌ലറ്റുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ബിവറേജസ്, കൺസ്യൂമർ ഫെഡ് ഔട്ട്‌ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പില്‍ ഉള്‍പ്പെടുത്തും.