ഇപ്പോൾ മാമ്പഴക്കാലമാണ്. എവിടെയും മാമ്പഴം സുലഭമായി തന്നെ ലഭിക്കുന്നു. മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയാണ് മാമ്പഴം. മാമ്പഴത്തിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ എ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 6, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്. ആരോഗ്യത്തിനൊപ്പം നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും മാമ്പഴത്തിന് കഴിയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാമ്പഴം ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ, മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷിക്കുന്നു. ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും ഒരുപ്പോലെ നൽകാൻ കഴിയുന്നതിനാൽ മാമ്പഴത്തെ പഴങ്ങളുടെ രാജാവെന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.
അങ്ങനെയെങ്കിൽ മുഖസൗന്ദര്യത്തിനായി മാമ്പഴം എങ്ങനെയെല്ലാം ഫലപ്രധമായ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാം.
ഒരു മാമ്പഴം കഷണങ്ങളായി മുറിച്ച് ഉടച്ച് കുഴമ്പ് പരുവത്തിലാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടീസ്പൂൺ പനിനീരും, രണ്ട് ടീസ്പൂൺ തൈരും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
പഴുത്ത മാങ്ങയിൽ നിന്ന് പൾപ്പ് വേർതിരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ ഗോതമ്പ് മാവും 2 ടീസ്പൂൺ തേനും ചേർക്കുക. ഈ ഫേയ്സ് പായ്ക്ക് പ്രയോഗിച്ച് മസാജ് ചെയ്യുക.15 മിനിറ്റിന് ശേഷം ഇത് കഴുകുക. ഇത് മുഖക്കുരു അകറ്റാൻ സഹായിക്കുന്നു.
ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ച്, അതിൽ മാമ്പഴ പൾപ്പും ചേർത്ത് മിനുസമാർന്ന ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിച്ചാൽ ഫലം ലഭിക്കും.