കണ്ണൂർ: പ്രവാസികളും ഇതര സംസ്ഥാനത്ത് താമസിക്കുന്ന മലയാളികളും എത്തി തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നു. ഇന്നലെ ജില്ലയിൽ മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
രോഗം സ്ഥിതികരിച്ച രണ്ടു പേർ മുംബയിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചത്. മുംബയിൽ നിന്ന് ഈ മാസം ഒൻപതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശിയായ 35കാരനും പത്തിന് എത്തിയ പയ്യാമ്പലം സ്വദേശിയായ 31കാരനുമാണ് പുതുതായി രോഗം ബാധിച്ച രണ്ടു പേർ.
ആരോഗ്യ പ്രവർത്തക ചിറക്കൽ സ്വദേശിയായ 54കാരിയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, അഞ്ചരക്കണ്ടിയിലെ കൊവിഡ് ചികിത്സാ കേന്ദ്രം, തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.