കൊല്ലം: വീണ്ടും ഓട്ടോയുമായി പട്ടണത്തിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് കൊട്ടാരക്കരക്കാരുടെ സ്റ്റൈൽ മന്നൻ ബാഷാ സതീഷ്. ലോക്ക് ഡൗണിൽ കുടുങ്ങിയ ജീവിതമായിരുന്നു. ഇടയ്ക്ക് പട്ടിണിയുടെ നോവറിഞ്ഞു. കലാപ്രവർത്തനങ്ങളുണ്ടെങ്കിലും ഓട്ടോ ഓടിച്ചെങ്കിലേ കുടുംബത്തിന്റെ പട്ടിണി മാറുകയുള്ളൂ. ലോക്ക് ഡൗണിൽ ഓട്ടോ ഓടാൻ കഴിയാതായതോടെയാണ് ബുദ്ധിമുട്ടുകൾ ഏറെയും അറിഞ്ഞത്. ഇനി അത് മാറാൻ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര പള്ളിയ്ക്കൽ കൊച്ചുവിള വീട്ടിൽ എൻ.സതീഷ് (46).
കൊട്ടാരക്കര പുലമൺ കവലയിലെ ഓട്ടോ ഡ്രൈവറാണ് സതീഷ്. സതീഷിന്റെ വേഷവും നടപ്പും രീതിയുമൊക്കെ സ്റ്റൈൽ മന്നൻ രജനികാന്ത് സ്റ്റൈൽ! അതുകൊണ്ടുതന്നെ ബാഷാ സതീഷ് എന്ന് പറഞ്ഞാലേ എല്ലാവരും അറിയുകയുള്ളു. സതീഷിന് രജനീകാന്തിനോട് കടുത്ത ആരാധന തോന്നിത്തുടങ്ങിയത് 1995ൽ ബാഷ സിനിമ കണ്ടതോടെയാണ്.
പത്താം ക്ളാസ് കഴിഞ്ഞ് നാട്ടിൽ കൂലിപ്പണിയ്ക്ക് പോകുന്ന വേളയിലാണ് സതീഷ് ഒരു ദിവസം വൈകിട്ട് ബാഷ കാണാൻ കൊട്ടാരക്കരയിലെ തീയേറ്ററിൽ പോയത്. തിരികെ വന്നപ്പോഴേക്കും ബാഷയുടെ രീതിയിലേക്ക് സതീഷ് മാറാൻ തുടങ്ങി. നടപ്പും ഇരിപ്പും വേഷവുമൊക്കെ തനി ബാഷ സ്റ്റൈൽ കൂലിപ്പണി മതിയാക്കി ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടു. തലമുടി അടക്കം മൊത്തത്തിൽ രജനികാന്തിന്റെ സ്റ്റൈൽ ആയതോടെ ഓട്ടോ സ്റ്റാന്റിലും പേര് വീണു "ബാഷ".
ഇരട്ടപ്പേര് വീഴുമ്പോൾ സാധാരണ എല്ലാവർക്കും ദേഷ്യമാണ് ഉണ്ടാവുന്നതെങ്കിൽ സതീഷിന് ബാഷയെന്ന് വിളിക്കുന്നവരോടാണ് പ്രിയം. പിന്നീട് രജിനികാന്തിന്റെ സിനിമകൾ റിലീസാകുന്ന ദിവസങ്ങളിൽ സതീഷ് കണ്ടിരിക്കും. പഴയ ചിത്രങ്ങളൊക്കെ കാസറ്റിട്ട് കണ്ടു. ഇപ്പോഴും ഒരു ദിവസം രജനികാന്തിന്റെ ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ സതീഷിന് ഉറക്കം വരില്ല.
തീരെ തരപ്പെടില്ലെങ്കിൽ രണ്ട് ഡയലോഗെങ്കിലും കേട്ടേ പറ്റൂ. ആരാധന കൂടിവരുന്നതിനൊപ്പം തന്റെ രൂപവും രജനികാന്തിന് സമാനമാകുന്നത് സതീഷ് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. രജിനി സ്റ്റൈലിൽ വേഷമിട്ട് കൂളിംഗ് ഗ്ളാസും വച്ച് സതീഷ് സ്റ്റേജിലെത്തിയാൽ കയ്യടിക്കാതിരിക്കാൻ കാഴ്ചക്കാർക്ക് കഴിയില്ല. തമിഴ് നാട്ടിൽ നൂറുകണക്കിന് വേദികൾ കിട്ടിയ സതീഷിന് ഇപ്പോൾ അവിടെ ആരാധകരും ഏറെയുണ്ട്.
രജനീകാന്തിന്റെ സിനിമകളുടെ പാട്ടിനൊപ്പം ചുവടുവച്ചാണ് സതീഷ് ആരാധകരെ കയ്യിലെടുത്തത്. സതീഷിന്റെ ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടാണ് രജിത ജീവിത സഖിയായത്. ഇവരുടെ എക മകന് രജനീഷ് എന്ന പേര് നൽകിയതിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീണ്ടും കൂട്ടുകാരുമൊത്ത് ഓട്ടോ സ്റ്റാന്റിൽ കളിചിരിയുമായി തിളങ്ങാമെന്ന സന്തോഷത്തിലാണ് സതീഷ്. ആദ്യമായിട്ടാണ് പട്ടണത്തിലെ ഓട്ടോക്കൂട്ടുകാർ ഇത്രയും ദിവസങ്ങൾ തമ്മിൽ കാണാതെ കഴിയുന്നത്. ലോക്ക് ഡൗൺ പഠിപ്പിച്ച പുതിയ പാഠങ്ങളും വീട്ടിലെ വിശേഷങ്ങളുമൊക്കെയായി ഇനി തമ്മിൽ കാണുമ്പോൾ പറയാനും ഒത്തിരിയുണ്ടാകും.