ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 10(2) വകുപ്പ് പ്രകാരം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ 18.05.2020 മുതൽ മരവിപ്പിക്കുന്നുഎന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവിൽ പറയുന്നത്.
നാലാംഘട്ട ലോക്കഡൗണിൽ ആളുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് പ്രധാനമായും ഉള്ളത്. ലോക്കഡൗൺകാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് വേതനം കൊടുക്കണമെന്ന മാർച്ച് 29ലെ ഉത്തരവിനെ കുറിച്ച് പുതിയ മാർഗനിർദേശങ്ങളിലൊന്നും പറയുന്നില്ല.
എല്ലാ തൊഴിലുടമകളും അവരുടെ തൊഴിലാളികളുടെ വേതനം, പൂട്ടിയിട്ടിരിക്കുന്ന കാലയളവിലും നൽകണമെന്നായിരുന്നു മാർച്ച് 29ലെ ഉത്തരവിൽ പറഞ്ഞിരുന്നത്. വ്യവസായ യൂണിറ്റുകൾക്കും കമ്പനികൾക്കും സർക്കാർ ഉത്തരവ് ആശ്വാസം നൽകുമ്പോഴും കൂലി മുടങ്ങുന്ന തൊഴിലാളികൾക്ക് പകരം സംവിധാനമൊന്നും സർക്കാർ നിർദേശിച്ചിട്ടില്ല.