ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൻ മാറുകയാണെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇപ്പോൾ ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ഉംപുൻ ഉള്ളത്. പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദർബൻസിന് അടുത്താകും ഉംപുൻ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇന്ന് ഉച്ചയോടെ ഒഡിഷ, ബംഗാൾ തീരത്തേക്ക് എത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും വേഗം കുറഞ്ഞതിനാൽ നാളെ രാവിലെയോടെ മാത്രമേ ചുഴലിക്കാറ്റ് തീരത്തെത്തൂ എന്നാണ് അറിയിപ്പ്.
ഇന്നലെ രാത്രിയോടെ മണിക്കൂറിൽ 275 കിലോമീറ്റർ വേഗമായിരുന്നു ഉംപുനിന്‍റേതെങ്കിൽ തീരം തൊടുമ്പോൾ ഇത് ഏതാണ്ട് മണിക്കൂറിൽ 155 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെയാകും എന്നാണ് കണക്കുകൂട്ടൽ. 15 ലക്ഷത്തോളം പേരെയാണ് ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഒഡിഷ തീരത്തല്ല, വടക്കോട്ട് നീങ്ങുന്ന ഉംപുൻ പശ്ചിമബംഗാളിലാകും തീരം തൊടുക എന്നതിനാൽ കൂടുതൽ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. കൊവിഡ് പ്രതിസന്ധിക്കിടെ വരുന്ന ചുഴലിക്കാറ്റ് ഭീഷണിയുടെ സാഹചര്യത്തിൽ കനത്ത ജാഗ്രത തന്നെ പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി പശ്ചിമബംഗാൾ സർക്കാരിനോട് നിർദേശിച്ചു.