തിരുവനന്തപുരം: ജില്ലയ്ക്കുള്ളിൽ പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാതയിലും ബൈറൂട്ടുകളിലും ഉൾപ്പെടെ നാളെ മുതൽ സർവ്വീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറെടുപ്പ് തുടങ്ങി. സർവീസിനാവശ്യമായ ബസുകൾ കഴുകി വൃത്തിയാക്കുകയും ടയറുകളും ബാറ്ററികളും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ജോലികൾ യൂണിറ്റുകളിൽ ആരംഭിച്ചു.
ഒരു ബസിൽ പരമാവധി 25 യാത്രക്കാരെയാണ് ഒരുസമയം യാത്രചെയ്യാൻ അനുവദിക്കുക. സാമൂഹിക അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ, നഷ്ടം പരിഹരിക്കാനായി ബസ് ചാർജ് 50 ശതമാനം വർദ്ധിപ്പിച്ചതിനാൽ മിനിമം ടിക്കറ്റ് നിരക്ക് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തിയിട്ടുണ്ട്. യാത്രാ സൗജന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. ഓർഡിനറി സർവീസുകളാകും നാളെ നിരത്തിലിറങ്ങുക. രണ്ടുപേർക്ക് യാത്രചെയ്യാവുന്ന സീറ്റിൽ ഒരാൾക്കും മൂന്നുപേരുടെ സീറ്റിൽ രണ്ടുപേർക്കുമാണ് യാത്രാനുമതി.
ബസിൽ കയറുംമുമ്പ് കണ്ടക്ടർ ഹാൻഡ് സാനിട്ടൈസർ നൽകി യാത്രക്കാരുടെ കൈകൾ ശുദ്ധമാക്കിയെന്ന് ഉറപ്പ് വരുത്തിയശേഷമേ കയറാൻ അനുവദിക്കൂ. മാസ്കും നിർബന്ധമാണ്. കണ്ടക്ടറും ഡ്രൈവറും കയ്യുറയും മാസ്കും ധരിക്കും. യാത്രക്കാർ കഴിവതും നാണയങ്ങളും കൃത്യമായ ഫെയറും കൈയ്യിൽ കരുതി യാത്രചെയ്യുന്നതാകും ഉചിതം. പണം ഇടപാടുകൾ രോഗപ്പകർച്ചയ്ക്ക് കാരണമാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പ്രീപെയ്ഡ് കാർഡ് സംവിധാനം നടപ്പാക്കാൻ കോർപ്പറേഷൻ ആലോചിച്ച് വരികയാണ്.
സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന സർവീസിൽ നാളെ മുതൽ പ്രീപെയ്ഡ് കാർഡ് സംവിധാനം നിലവിൽ വരും. യാത്രക്കാരന്റെ കൈവശമുള്ള കാർഡിൽ കണ്ടക്ടറുടെ പക്കലുള്ള സ്കാനർ ഉപയോഗിച്ച് പണം ഈടാക്കുന്ന രീതിയാണിത്. ഈ സംവിധാനം വിജയപ്രദമായാൽ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കും.