തിരുവനന്തപുരം: അമ്പത് ശതമാനം ചാർജ് വർദ്ധനയും നികുതി കിഴിവുമുൾപ്പെടെ സർക്കാർ വാഗ്ദാനം ചെയ്ത പാക്കേജുകൾ പ്രകാരം ഇപ്പോഴത്തെ സാഹചര്യത്തിൽ നാളെ മുതൽ സംസ്ഥാനത്ത് സർവീസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകൾ. പകുതി യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയാൽ ഡീസൽ ചെലവിനുള്ള പണംപോലും കിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസമായി ഓടാതെ കിടക്കുന്ന ബസുകൾ സർവീസിന് തയ്യാറാക്കുക ശ്രമകരമാണ്. ഇതുസംബന്ധിച്ച് ഇന്ന് വെെകിട്ട് നിർണായക യോഗം ചേരും.
വർക്ക് ഷോപ്പുകളിൽ പോയി മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ നടത്തി തകരാറുകൾ പരിഹരിച്ചാലേ ബസുകൾ ഓടിക്കാൻ കഴിയൂ. ടയറും ബാറ്ററിയും തകരാറിലായ ബസുകൾക്ക് ഇവ വാങ്ങണം. ലോക്ക് ഡൗണിനെ തുടർന്ന് പാപ്പരായ ബസുടമകൾക്ക് ഇതൊന്നും പെട്ടെന്ന് സാദ്ധ്യമാകണമെന്നില്ല. ഡീസലിന്റെ നികുതി ഉൾപ്പെടെ എടുത്തു കളയുകയും കൂടുതൽ ആനുകൂല്യം നൽകുകയും ചെയ്താൽ മാത്രമേ സർവീസ് നടത്താൻ കഴിയൂവെന്നാണ് ബസുടമകളുടെ പക്ഷം.
ജീവനക്കാരുടെ ശമ്പളവും ഇന്ധനചെലവും ടയറുകളുൾപ്പെടെ ബസിന്റെ തേയ്മാനവും കണക്കുകൂട്ടിയാൽ ഒരുസമയം 25 യാത്രക്കാരുമായി സർവീസ് നടത്തുന്നത് ചിന്തിക്കാനാകാത്ത കാര്യമാണെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ കെ.ബി സുനീർ വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ചാർജിന്റെ കാര്യത്തിലുൾപ്പെടെ വ്യക്തത വരികയും ഡീസൽ നികുതി ഒഴിവാക്കുന്നതുൾപ്പെടെ കൂടുതൽ ഇളവുകൾക്ക് സർക്കാർ തയ്യാറാകുകയും ചെയ്താലെ സർവീസിനെപ്പറ്റി ആലോചിക്കാൻ കഴിയൂവെന്ന് സുനീർ പറഞ്ഞു.
സർവീസ് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ഇന്ന് വൈകുന്നേരം ബസുടമാ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ചേരുന്നുണ്ട്. സ്വകാര്യ ബസുകൾ സർക്കാർ തീരുമാനത്തോട് നിസഹകരിച്ചാൽ സ്വകാര്യ ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വടക്കൻ ജില്ലകളിലും മറ്റും യാത്രാക്ളേശം അപരിഹാര്യമായി തുടരും. എസ്.എസ്.എൽ.സി പരീക്ഷ 26ന് ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രയെയും ഇത് പ്രതികൂലമായി ബാധിക്കും.