pic

കാസർകോട്: ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ മുംബയിൽ നിന്ന് വന്ന 28 വയസുള്ള പൈവളികെ സ്വദേശികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മെയ് 15 നാണ് ഇരുവരും ജില്ലയിലെത്തിയത്. ഇരുവരും സർക്കാർ ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 2456 പേരാണ്. ഇതിൽ വീടുകളിൽ 2101 പേരും ആശുപത്രികളിൽ 355 പേരുമാണ് കഴിയുന്നത്.118 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെ ക്കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സെന്റിനൽ സർവേയുടെ ഭാഗമായി 633 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 600 പേരുടെ റിസൾട്ട് നെഗറ്റീവാണ്. 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ വരെ 2587 പേരാണ് ജില്ലയിൽ എത്തിച്ചേർന്നത്. ഇതിൽ 1223 പേർ റെഡ്സോണുകളിൽ നിന്നുള്ളവരാണ്. വിദേശ രാജ്യങ്ങളിൽ നിന്നായി 204 പേരാണ് എത്തിയത്. കണക്കുകൾ വ്യക്തമാക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗ സാദ്ധ്യത ഉയർന്നു നിൽക്കുന്നു എന്നാണ്. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് രാംദാസ് അറിയിച്ചു.

സർക്കാർ മാർഗ നിർദേശ പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വീടുകളിൽ മുറിയിൽ നിരീക്ഷണത്തിൽ കഴിയണം. വിദേശത്തു നിന്ന് വരുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ 14 ദിവസം ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയണം.

ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കും. ആശുപത്രികളിൽ അനാവശ്യമായ സന്ദർശനങ്ങൾ ഒഴിവാക്കണം. ആദ്യ ഘട്ടങ്ങളിൽ നടത്തിയ ഇടപെടൽമൂലം ജില്ലയിൽ സമൂഹ വ്യാപന സാദ്ധ്യത പൂർണമായും തടഞ്ഞു നിറുത്താൻ സാധിച്ചു. ഇനിയും നമ്മൾ ജാഗ്രത തുടരണമെന്നും ഡി.എം.ഒ പറഞ്ഞു.