ശ്രീകുമാർ ആലപ്ര
പെരിയാറിന്റെ ശാന്ത സുന്ദരമായ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കണമെങ്കിൽ കോതമംഗലത്തിന് സമീപമുള്ള ചാരുപാറയിലെ ഇഞ്ചത്തൊട്ടി തൂക്ക് പാലത്തിലെത്തണം. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്ക് പാലങ്ങളിലൊന്നായ ഇഞ്ചത്തൊട്ടി രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപമുള്ള കീരംപാറ പഞ്ചായത്തിലെ ചാരുപാറയിലാണ് പെരിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റെ തുടക്കം.
കോതമംഗലത്ത് നിന്നും പ്രസിദ്ധമായ തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് പോകുന്ന റോഡിൽ പുന്നേക്കാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് പോയാൽ ചാരുപാറയെന്ന തനി നാടൻ ഗ്രാമത്തിലെത്താം. ചെറിയ നാട്ടുവഴികളും ചെറുതും വലുതുമായ നിരവധി മരങ്ങളും നിറഞ്ഞ സ്ഥലം. പച്ചപ്പിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് പെയിന്റ് ചെയ്തത് പോലെ ചതുപ്പ് പ്രദേശങ്ങൾ. പെരിയാറിൽ നിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഇരുമ്പ് കേഡറുകളിൽ നടപ്പ് താളത്തിനൊത്ത് കുലുങ്ങിയാടുന്ന തൂക്കുപാലത്തിന് ഏകദേശം നൂറ്റിയെൺപത്തിയഞ്ച് മീറ്റർ നീളവും നാല് മീറ്റർ വീതിയുമുണ്ട്. വാഹനങ്ങൾ പോകാത്ത ഈ തൂക്കുപാലമാണ് രണ്ട് പഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയം. വർഷ കാലത്ത് പെരിയാർ കലി തുള്ളി നിറഞ്ഞൊഴുകി പേടിപ്പെടുത്തുമെങ്കിലും കാണേണ്ട കാഴ്ച യാണ്.പെരിയാറിന്റെ ഇരുകരകളുടെയും മനോഹര കാഴ്ചകളും, ചുറ്റും കോടമഞ്ഞ് പറന്ന് നടക്കുന്ന മലനിരകളുടെ കാഴ്ചയും ഇഞ്ചത്തൊട്ടിയുടെ ദൃശ്യഭംഗി കൂട്ടുന്നു.പത്ത് കിലോമീറ്റർ ചുറ്റളവിലാണ് തട്ടേക്കാട് പക്ഷി സങ്കേതവും, ഭൂതത്താൻകെട്ട് അണക്കെട്ടും.പ്രകൃതിയൊരുക്കിയ മനോഹര പെയിന്റിംഗ് പോലെ ഇഞ്ചത്തൊട്ടി സഞ്ചാരികളെയും സിനിമാക്കാരെയും കാത്തിരിക്കുകയാണ്.കൊച്ചി- മധുര പാതയ്ക്ക് സമീപാണ് ഈസ്ഥലം.