ചരിത്രവും സംസ്കാരവും പ്രകൃതിയോടൊപ്പം ഇവിടെ ഇഴ ചേരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് അദ്ഭുുത കാഴ്ച ഒരുക്കുകയാണ് മാമല്ലപുരം എന്ന മഹാബലിപുരം.
സമുദ്രതീരത്ത് നിന്ന് അല്പം ഉയർന്നു നിൽക്കുന്ന കുന്നുകൾ.പച്ചപ്പ് നിറഞ്ഞ മരങ്ങൾ. ഇവയ്ക്കിടയിൽ വലിയ പാറക്കൂട്ടങ്ങൾ,അവയിലാകെ കൊത്തുപണികൾ.എല്ലാം ചരിത്ര സ്മാരകത്തെ അടയാളപ്പെടുത്തുന്നു.ലൈറ്റ് ഹൗസിന് മുകളിലെ കാഴ്ചകൾ അതി മനോഹരം. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈറ്റ് ഹൗസാണിത്.1884 ലാണ് നിർമ്മിച്ചത്.നീല ജലാശയമായ ബംഗാൾ ഉൾക്കടലും ഗോൾഡൻ മണൽ ബീച്ചും ഷോർ ക്ഷേത്രവും ഒരു ഛായാച്ചിത്രം പോലെ കാണാം. മറു വശത്ത് പച്ച തുരുത്തിലെ ശില്പങ്ങളും ഗുഹകളും പാറക്കൂട്ടങ്ങളും.തീരദേശത്ത് ഇരുവശവും നിവർന്ന് കിടക്കുന്ന റോഡുകൾ.ഇവിടെ കല്ലുകളിലും ഗ്രാനൈറ്റിലും കൂറ്റൻ വിഗ്രഹങ്ങൾ കൊത്തിയൊരുക്കുന്ന ഗ്രാമീണർ സ്ഥിരം കാഴ്ചയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച മഹാബലിപുരം വിനോദ സഞ്ചാരികളുടെയും സിനിമാക്കാരുടെയും ഇഷ്ട സങ്കേതം തന്നെ.
നരസിംഹ വർമ്മന്റെ കാലത്ത് പണി കഴിപ്പിച്ച ഷോർ ക്ഷേത്രത്തിൽ വിഷ്ണു,ശിവ പ്രതിഷ്ഠയാണ് .ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് ക്ഷേത്രങ്ങൾ കടലാക്രമണത്തിൽ നശിച്ചു .പഞ്ച പാണ്ഡവ രഥം എന്നറിയപ്പെടുന്ന അഞ്ച് രഥങ്ങളുടെ നിർമ്മിതി ഏറെ പ്രത്യേകതയോടെയാണ് . പഞ്ച പാണ്ഡവരുടെ പേരിലറിയപ്പെടുന്ന രഥം ഇപ്പോഴും സംരക്ഷിച്ചുപോരുന്നു.ചെറുകുന്നുകളുടെ ചെരുവകളിൽ ഗുഹകൾ. മഹിഷാസുര മർധിനി ഗുഹ കൊത്തുപണികൾ കൊണ്ട് സമ്പന്നം. കൊത്തുപണികൾ നിറഞ്ഞ കൃഷ്ണ മണ്ഡപവും അദ്ഭുതം സമ്മാനിക്കുന്നു. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പല്ലവ രാജവംശമാണ് മഹാബലിപുരത്തെ ചരിത്ര പ്രാധാന്യമേറിയ നഗരമാക്കി മാറ്റിയത്. മഹാകാളി എന്നറിയപ്പെട്ട മഹാബലിരാജാവിന്റെ പേരിലാണ് മഹാബലിപുരം അറിയപ്പെടുന്നത്.പിന്നീട് മാമല്ലപുരമായി .