തിരുവനന്തപുരം: കൊവിഡ് എസ്.എസ്.എൽ.സി മൂല്യനിർണയത്തെയും ബാധിച്ചു, സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലാണ് മൂലനിർണ്ണയം. ക്യാമ്പുകളിൽ അദ്ധ്യാപകരുടെ കുറവാണ്. ലോക്ക്ഡൗൺ ആയതിനാൽ പല മൂല്യനിർണ്ണയ ക്യാമ്പുകളിലും അദ്ധ്യാപകർക്ക് എത്തിച്ചേരാനാവാത്ത അവസ്ഥയുണ്ട്. ചില അദ്ധ്യാപകർ സ്വയം കൊറന്റൈനിലാണ് എന്നറിയിച്ച് മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടു നിൽക്കുന്നുമുണ്ട്. പൊതുവാഹന സൗകര്യമില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന് ജില്ലയ്ക്ക് പുറത്തുള്ള അദ്ധ്യാപകരും ഉൾപ്രദേശങ്ങളിലുള്ള അദ്ധ്യാപകരും ക്യാമ്പിന്റെ ചുമതലയുള്ള അദ്ധ്യാപകരെ നേരത്തെ തന്നെ അറിയിച്ചിരിക്കുകയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണ്ണയം ലളിതമാക്കിയാണ് പേപ്പർ നോക്കുന്നത്. വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തിയെന്നാണ് പേപ്പർ നോക്കുന്ന അദ്ധ്യാപകരിൽ ചിലർ പറഞ്ഞത്. വളരെ വേഗതയിലാണ് മൂല്യനിർണ്ണയം നടത്തുന്നത്. ഒരു മേശയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലാണ് സീറ്റിംഗ് അറേഞ്ച്മെന്റ്. അദ്ധ്യാപകരെല്ലാം മാസ്ക് ധരിച്ചാണ് മൂല്യനിർണ്ണയം നടത്തുന്നത്.
സൗത്ത്, സൗത്ത് സെൻട്രൽ, സെൻട്രൽ, നോർത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിർണയം. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളാണ് നോർത്ത് സോണിലുള്ളത്. മദ്ധ്യകേരളത്തിലെ ജില്ലകൾ സൗത്ത് സെൻട്രലിലും തെക്കൻ ജില്ലകൾ സൗത്ത് സോണിലുമാണ്. ഓരോ വിഷയത്തിനും ഒന്നോ രണ്ടോ കേന്ദ്രങ്ങളാണുള്ളത്. ഒരു ക്ലാസ് റൂമിൽ ഒരു ചീഫ് എക്‌സാമിനറും 10 അസിസ്റ്റന്റ് എക്‌സാമിനർമാരുമാണുള്ളത്.