accident-death

ന്യൂഡൽഹി: ബിഹാറിലെ ഭഗല്‍പുരിനടുത്ത നൗഗാച്ചിയയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അപടകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇന്ന് വാഹനാപകടങ്ങളിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 16 ആയി.

നേരത്തെ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും നടന്ന വാഹനാപകടങ്ങളിൽ ഏഴ് കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ യവാത്മലില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തിൽ നാല് കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത് . 15 പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സോലാപുരില്‍നിന്ന് ഝാര്‍ഖണ്ഡിലേയ്ക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലെ മഹോബയിലുണ്ടായ വാഹനാപകടത്തില്‍ കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഝാന്‍സി-മിര്‍സാപുര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിലെ ടയര്‍ പൊട്ടുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.