liquor

പാറശാല: തമിഴ്നാട്ടിലെ വൈൻ ഷോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഇഞ്ചിവിള അരുവാൻകോട് പാറപുത്തൻവീട്ടിൽ റെജിൻ (20), തമിഴ്നാട് തിരുവള്ളുർ മാധവറാം വള്ളുവർ കുടിയിരിപ്പ് വീട്ടിൽ ബെൽവിൻ (30) എന്നിവരാണ് പിടിയിലായത്.

കേരള- തമിഴ് നാട് അതിർത്തി പ്രദേശമായ ഇഞ്ചിവിള വഴി ബൈക്കിൽ കടത്താൻ ശ്രമിച്ച 180 മില്ലിയുടെ പതിമൂന്ന് കുപ്പി വിദേശ നിർമ്മിത മദ്യമാണ് ഇവരുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്ര ശേഖരൻ, ജി.എസ്.ഐ രാധാകൃഷ്ണൻ തുടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.