karnataka-cm

ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശന വിലക്കില്ലെന്ന് വ്യക്തമാക്കി കർണാടക. മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് പ്രവേശനം വിലക്കുള്ളതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ളവർക്കും നിയന്ത്രണം ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്നലെ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് തിരുത്തിയത്.

കർണാടകയിൽ കഴിഞ്ഞ രണ്ട് ദിവസം സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. ഇതേ തുടർന്നാണ് കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക അറിയിച്ചു.

തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് മേയ് 31 വരെ പുതിയ പാസ് അനുവദിക്കില്ലെന്നാണ് സർക്കാർ തീരുമാനം. നിലവിൽ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും. അതേസമയം ഈ സംസ്ഥാനങ്ങളിൽ നിന്ന് നിലവിൽ പാസിന് അപേക്ഷിച്ച് വരുന്നവർ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നത് നിർബന്ധമാണ്.