pic

കൊല്ലം: അടുക്കളത്തോട്ടത്തിലെ ചീരയ്ക്ക് ഇടയിലായി കഞ്ചാവ് ചെടികൾ നട്ടുവളർത്തി. വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് നട്ട് വളർത്തിയ കേസിൽ ഒളിവിൽ പോയ യുവാവിനെതിരെ വീണ്ടും കേസ്. കണ്ണനല്ലൂർ പാങ്കൊണം ചേരിയിൽ പണയിൽ വീട്ടിൽ സുരേഷിന്റെ വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്നാണ്‌ എക്‌സെസ്‌ കഞ്ചാവ്‌ പിടിച്ചത്‌.

മൂന്നാഴ്‌ച മുമ്പാണ്‌ സുരേഷും സുഹൃത്ത് പക്രു എന്ന വിഷ്ണുവും പാങ്കൊണം അംഗൻവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ്‌ നട്ടത്‌. സംഭവം പുറത്തായതോടെ ഇവർ ഒളിവിൽപ്പോയി. ഇവിടെ നിന്ന്‌ 12 നീലച്ചടയൻ കഞ്ചാവ് ചെടികൾ അന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. സുരേഷ് രാത്രി കാലങ്ങളിൽ രഹസ്യമായി വീട്ടിലെത്തുന്നുവെന്ന വിവരത്തെ തുടർന്നാണ്‌ വീട്ടിൽ പരിശോധന നടത്തിയത്‌. ഇതിനിടെയാണ്‌ അടുക്കള തോട്ടത്തിൽ ചീരയ്‌ക്കിടയിൽ നട്ട 30 സെന്റീമീറ്ററോളം നീളമുള്ള ചെടികൾ കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പി. ഒ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, മനു, ശരത്, ഗോപകുമാർ, ക്രിസ്റ്റീൻ, ശാലിനി ശശി , നിധിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്ന്‌ കഞ്ചാവ്‌ കടത്തിയിരുന്ന സുരേഷിന്‌ ലോക്ക്‌ഡൗൺ മൂലം സാധനം കിട്ടിയിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയ്‌ക്ക്‌ കൃഷി തുടങ്ങിയതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.