പാറശാല: പരിശോധനാ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് അതിർത്തിയിലെത്തിയ മൂന്ന് തമിഴ്നാട്ടുകാരെ പിടികൂടി തിരിച്ചയച്ചു. തമിഴ്നാട് സ്വദേശികളായ സജിത്ത് (25), ജസ്റ്റിൻ രാജ് (23), മഹേഷ് (27) എന്നിവരാണ് അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മതിയായ രേഖകളില്ലാതെ കേരള അതിർത്തിയായ ഇഞ്ചിവിളയിലെത്തിയ ഇവർ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയാണ് കേരളത്തിലേയ്ക്ക് എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയതാണെന്ന് പിടിയിലായവർ പറഞ്ഞു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ അൻസാരിയുടെ നേതൃത്വത്തിൽ ഇവരെ ഇഞ്ചിവിളയിലെ പരിശോധന കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.