വാഷിംഗ്ടൺ: കൊവിഡിനെ പ്രതിരോധിക്കാൻ ആദ്യം വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തിൽ ലഭിച്ചതെന്ന് വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി മൊഡേണ അവകാശപ്പെട്ടു. എട്ടുപേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇവരിൽ വൈറസിന്റെ പെരുകൽ തടയുന്ന തരത്തിൽ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ അവകാശപ്പെടുന്നത്.
കൊവിഡ് പൂർണമായും ഭേദമായവരിൽ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയായിരുന്നുവത്രേ ഇത്. മാർച്ചിൽ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാൽ രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷിക്കും. ജൂലായിൽ മൂന്നാംഘട്ട പരീക്ഷണവും നടത്തും. മൂന്നാം ഘട്ട പരീക്ഷണവും വിജയകരമെന്ന് തെളിഞ്ഞാൽ അടുത്തവർഷത്തോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.
ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്. ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകൾ പരീക്ഷിച്ചപ്പോൾ ഒരാളിൽ മരുന്ന് കുത്തിവച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയും പാർശ്വഫലങ്ങളായി കണ്ടു. ഹൈ ഡോസ് വാക്‌സിൻ പ്രയോഗിച്ച മൂന്നുപേരിൽ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുവെന്നും മരുന്ന് കമ്പനി പറഞ്ഞു..